കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ ആകാശത്തുവെച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് അതിക്രമം കാട്ടിയ പാലക്കാട് സ്വദേശി ജംഷീർ കോടതിയിലും പരാക്രമം കാട്ടിയതായി റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ വലിച്ചുകീറി എറിഞ്ഞതോടെ കോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
സംഭവത്തിൽ പൊലീസ് ഉടൻ ഇടപെട്ട് ഇയാളെ നിയന്ത്രണവിധേയനാക്കി. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ നിന്ന് മാറ്റുകയായിരുന്നു.
ബാട്ടിക് എയർലൈൻസിന്റെ കോലാലംപൂർ–കൊച്ചി സർവീസിലാണ് ജംഷീർ യാത്ര ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി 9.30നും 11 മണിക്കും ഇടയിൽ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ തടയാൻ ശ്രമിച്ച ക്യാബിൻ ക്രൂവിനെയും സഹയാത്രികരെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
യാത്രക്കാരും വിമാന ജീവനക്കാരും ചേർന്നാണ് ജംഷീറിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫിന് കൈമാറി. പിന്നീട് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജംഷീറിനെ പരിശോധിച്ചപ്പോൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സഹയാത്രികർ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
