തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻയുടെ ഗൺമാൻമാരിൽ ഒരാളെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെയാണ് തിരികെ പോലീസ് വകുപ്പിലേക്ക് മാറ്റിയത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സന്ദീപ്. ആലപ്പുഴ മർദ്ദനക്കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന Z പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി ഇപ്പോൾ Y കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും എന്ന പരിഗണനയിലാണ് പുതിയ സുരക്ഷ.
പുതിയ ക്രമീകരണപ്രകാരം പിണറായി വിജയന് ഇനി ഗൺമാൻമാർ ഉണ്ടാകില്ല. എസ്കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിൽ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, മർദ്ദനക്കേസിലെ ഒന്നാം പ്രതിയായ അനിൽകുമാർ ഇപ്പോഴും പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ തുടരുമെന്നാണ് വിവരം.
2023 ഡിസംബർ 15-ന് ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെയായിരുന്നു സംഭവം. അന്ന് കെ.എസ്.യു നേതാവും നിലവിലെ എംഎൽഎയുമായ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജയ് എന്നിവർക്ക് നേരെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ആക്രമണം നടത്തിയെന്നാണ് കേസ്.
സംഭവത്തെ ആദ്യം “രക്ഷാപ്രവർത്തനം” എന്നായിരുന്നു സർക്കാർ വിശദീകരിച്ചത്. എന്നാൽ മർദ്ദനമേറ്റവർ പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്.
അന്വേഷണം ആദ്യം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ പി ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
