കൊച്ചി: ട്വന്റി 20യും കിറ്റക്‌സ് ചെയർമാൻ സാബു എം. ജേക്കബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ബിഗ് ബോസ് താരം അഖിൽ മാരാർ വീണ്ടും രംഗത്ത്. ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാർഥികളെ കണ്ടെത്താൻ നിയോഗിച്ചിരുന്ന ഡൽഹി സ്വദേശി റാം നിരവധി തവണ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, കൊട്ടാരക്കരയിൽ മത്സരിക്കാമെന്ന് ആദ്യം ഉറപ്പ് നൽകിയെങ്കിലും പിന്നീട് ആ വാഗ്ദാനം പാലിച്ചില്ലെന്നും അഖിൽ മാരാർ ആരോപിച്ചു.
കൊട്ടാരക്കരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ആലോചിച്ച സമയത്താണ് ട്വന്റി 20യുടെ ഭാഗത്തുനിന്ന് വീണ്ടും സമീപനമുണ്ടായതെന്ന് അഖിൽ പറഞ്ഞു. എന്നാൽ പിന്നീട് തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദേശം തനിക്ക് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യം കുറഞ്ഞുവെന്നും, ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയിട്ടും സാബു ജേക്കബിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അഖിൽ പറഞ്ഞു. വാക്ക് പാലിക്കാത്തതിനെ തുടർന്ന് ആർ.എസ്.എസ് നേതാക്കളോടും രാജീവ് ചന്ദ്രശേഖറിനോടും പരാതി പറഞ്ഞതായും, അതിന് പിന്നാലെയാണ് ബി.ജെ.പി തൃപ്പൂണിത്തുറ സീറ്റ് നൽകാൻ തയ്യാറായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൃക്കാക്കരയിൽ മത്സരിച്ച സമയത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും ഉണ്ടായിരുന്നില്ലെന്നും, ആവശ്യമായ സംഘടനാ പിന്തുണ ലഭിച്ചില്ലെന്നും അഖിൽ ആരോപിച്ചു. സാബു ജേക്കബാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാബു ജേക്കബ് വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് എൻ.ഡി.എയുമായി ചേർന്നതെന്നും, ബി.ജെ.പിയിൽ നിന്ന് 40 കോടി രൂപ വാങ്ങിയെന്നുമുള്ള ഗുരുതര ആരോപണവും അഖിൽ മാരാർ ഉന്നയിച്ചു. കിറ്റക്‌സ് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനാണ് എൻ.ഡി.എയുമായുള്ള ബന്ധമെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം, അഖിൽ മാരാറിന്റെ ആരോപണങ്ങൾ നേരത്തെ തന്നെ സാബു എം. ജേക്കബ് തള്ളിയിരുന്നു. അഖിലിന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന ആവശ്യവുമായാണ് അഖിൽ പാർട്ടിയിലെത്തിയതെന്നും, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ പ്രത്യേക സാഹചര്യങ്ങൾ മൂലമാണ് ആ സീറ്റ് ലഭിക്കാതിരുന്നതെന്നും സാബു വിശദീകരിച്ചു. അതിനാലാണ് തൃക്കാക്കര മണ്ഡലം പകരമായി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നെങ്കിൽ അത് നിരസിക്കാമായിരുന്നുവെന്നും സാബു ജേക്കബ് വ്യക്തമാക്കി. 2015 മുതൽ നടന്ന പഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥികളുടെ മുഴുവൻ ചെലവുകളും ട്വന്റി 20 തന്നെയാണ് വഹിച്ചതെന്നും, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും 19 സ്ഥാനാർഥികളുടെ മുഴുവൻ ചെലവും പാർട്ടിയാണ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയെ പ്രധാന മണ്ഡലമായി കണ്ട് ശക്തമായ പ്രചാരണമാണ് നടത്തിയതെന്നും, തെരഞ്ഞെടുപ്പിന് ശേഷവും അഖിൽ മാരാർ കൊല്ലം ജില്ലാ പ്രസിഡന്റിന്റെ പദവി ആവശ്യപ്പെട്ടിരുന്നുവെന്നും സാബു ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സമയത്തോ അതിന് ശേഷമോ അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് യാതൊരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കുള്ള സംഘടനയല്ല ട്വന്റി 20യെന്നും, ജനകീയ രാഷ്ട്രീയമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും സാബു എം. ജേക്കബ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
