അഖിലേന്ത്യാതലത്തിൽ വലിയ വിവാദങ്ങൾ ഉരുണ്ടുകൂടിയെങ്കിലും കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ അടിയന്തരാവസ്ഥയെ പൊതുവേ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. അന്ന് കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണി ആയിരുന്നു. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭദ്രത ഉറപ്പിക്കാനാണ് അടിയന്തരാവസ്ഥ എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് കെ.പി.സി.സിയുടെ അടിയന്തരയോഗം ചേർന്ന് അടിയന്തരാവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് സി.പി.ഐ അഖിലേന്ത്യാതലത്തിൽ എന്ത് നിലപാട് എടുക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്തതോടെ ആ പ്രശ്‌നത്തിനും പരിഹാരമായി. അച്യുതമേനോൻ അടിയന്തരാവസ്ഥയെ പരസ്യമായി ന്യായീകരിച്ചു. കേരളത്തിലെ പ്രതിപക്ഷം ഒരു ബന്ദ് നടത്തിയെങ്കിലും അത് കാര്യമായി ജനജീവിതത്തെ ബാധിച്ചില്ല. കേരള കോൺഗ്രസിലെ രണ്ടു നേതാക്കൾ, കെ.എം. ജോർജ്ജും ആർ.ബാലകൃഷ്ണപിള്ളയും അറസ്റ്റ് വരിച്ച ജയിലിലായി. ഒരാഴ്ച മാത്രമേ അവർക്ക് ജയിലിൽ കിടക്കേണ്ടി വന്നുള്ളൂ എ.കെ.ജി, ഇ.എം.എസ് ഉൾപ്പെടെ എല്ലാ ആളുകളെയും പുറത്തുവിട്ടു. അടിയന്തരാവസ്ഥ ജന നന്മയ്ക്ക് എന്ന മുദ്രാവാക്യം കോൺഗ്രസ് പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
പൊതുവേ കേരളത്തിൽ എല്ലാ
കാര്യങ്ങൾക്കും ഒരു കൃത്യനിഷ്ട ഉണ്ടായി. കള്ളക്കടത്തുകാരും
കരിഞ്ചന്തക്കാരും തലതാഴ്ത്തി. കൈക്കൂലി കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ
നിന്നുംകാര്യങ്ങൾ നടത്തിക്കൊടുക്കാൻ തുടങ്ങി. എന്നാൽ പോലീസ്
അടിയന്തരാവസ്ഥയെ ദുരുപയോഗപ്പെടുത്തി എന്നു പറയേണ്ടിയിരിക്കുന്നു.
ഇതിനിടെ
വിചിത്രമായ മറ്റൊരു സംഭവം ഉണ്ടായി അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിൽ പോയ
ആർ. ബാലകൃഷ്ണപിള്ള താമസിയാതെ ഭരണപക്ഷത്തെത്തുകയും അച്യുതമേനോൻ മന്ത്രിസഭയിൽ
അംഗമാവുകയും ചെയ്തു. കേരള കോൺഗ്രസിൽ ഒരു പിളർപ്പ് ഉണ്ടാകരുത് എന്ന്
കരുതിയാണ് ബാലകൃഷ്ണപിള്ള മന്ത്രി ആയതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം..!
ഇത് എല്ലാവർക്കും സ്വീകാര്യമായ ഒരു മറുപടിയാണ് എന്ന് അദ്ദേഹത്തിന് തന്നെ തോന്നാത്തതിനാൽ ആകാം അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിസഭയിൽ ചേർന്നതിന് മറ്റൊരു അദൃശ്യമായ കാരണം കൂടി ഉണ്ടെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞത്. അതിങ്ങനെയാണ്: കേരള കോൺഗ്രസിന്റെ രൂപവൽക്കരണത്തിൽ ഏറെ സഹായിച്ചിട്ടുള്ള സമുദായ നേതാക്കളും ബിഷപ്പുമാരും എല്ലാം അടിയന്തരാവസ്ഥയെ അനുകൂലിച്ച് നിൽക്കെ താൻ മനസ്സില്ല മനസ്സോടെയാണ് 1975 ഡിസംബർ 26ന് മന്ത്രിസഭയിൽ ചേർന്നെന്നാണ് പറയുന്നത്. അടിയന്തരാവസ്ഥയുടെ രണ്ടു മുഖങ്ങളും കണ്ടിട്ടുണ്ടെന്ന് പറയുന്ന ബാലകൃഷ്ണപിള്ള ജയിലിൽ നിന്നിറങ്ങി നേരെ പോയത് ജയിൽ മന്ത്രി ആകാനാണ്.
അടിയന്തരാവസ്ഥയിൽ 1976ലെ ഗുവാഹതി എ.ഐ.സി.സി സമ്മേളനം. അതൊരു ചരിത്രപ്രസിദ്ധ സംഭവമായി മാറി. കെ.പി.സി.സി പ്രസിഡന്റ് ആന്റണിക്കാപ്പം ഉമ്മൻചാണ്ടിയും വി.എം. സുധീരനും ഗുവാഹത്തിലേക്ക് പോയി. തൊട്ടുപിന്നാലെ കേരളത്തിൽ നിന്ന് ഒരു വൻ സംഘം തന്നെ ഗുവാഹത്തിലെത്തിയിരുന്നു. അവിടെമാകെ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക പാറിക്കളിച്ചു. ഒപ്പം ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ബഹുവർണ്ണ ചിത്രങ്ങൾ. നഗരമാകെ പിങ്ക് നിറത്താൻ കുളിച്ചു നിൽക്കുന്നു. സമ്മേളന അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നത് സഞ്ജയ് ഗാന്ധിയായിരുന്നു. അദ്ദേഹമാണ് ഭാവി കോൺഗ്രസ് നേതാവ് എന്ന് തോന്നിപ്പിക്കുന്ന വിധം ഏറെ ശോഭയോടെ തന്നെ സഞ്ജയ് ഗാന്ധിയുടെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരുന്നു. 1976 നവംബർ 21നാണ് എ.ഐ.സി.സി ആരംഭിച്ചത്.
ഉദ്ഘാടന ദിവസം ഉച്ചകഴിഞ്ഞ് സാമ്പത്തിക പ്രമേയത്തിന്റെ അവതരണവും ചർച്ചയും. പ്രമേയത്തെ പിൻതാങ്ങി സംസാരിക്കേണ്ടത് എ.കെ.ആന്റണിയാണ്. ആന്റണി എന്ന കുറിയ മനുഷ്യൻ ഉമ്മൻചാണ്ടിയുടെയും വി.എം. സുധീറിന്റെയും നടുവിലായി സമ്മേളന സ്ഥലത്തെത്തി. 1976 നവംബർ അഞ്ചിന് ലോകസഭയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയ പശ്ചാത്തലത്തിലാണ് സമ്മേളനം. കേരളത്തിലെ അച്യുതമേനോൻ സർക്കാരിന്റെ കാലാവധിയും നീട്ടിയിരുന്നു. ആന്റണി പ്രസംഗിക്കാനായി മൈക്കിനു മുന്നിൽ എത്തി. സഭയെ അഭിസംബോധന ചെയ്തതിനുശേഷം ആന്റണി പറഞ്ഞു: 'എവിടെയോ എന്തോ ഒരു പന്തികേട് അനുഭവപ്പെടുന്നുണ്ട്.' ഇത് കേട്ടതോടെ ശബ്ദമുഹിരിതമായിരുന്ന അന്തരീക്ഷം പെട്ടെന്ന് നിശബ്ദമായി.
'ജനാധിപത്യ അവകാശങ്ങൾ ഒരു കാരണവശാലും നിഷേധിക്കരുത്. നമ്മുടെ പാർട്ടിയിലെ അനാരോഗ്യകരമായ പ്രവണതകൾ നമുക്ക് തന്നെ ദോഷകരമാവും എന്ന് ആന്റണി പറഞ്ഞു. ആർക്കും കോൺഗ്രസിനെ ദുർബലപ്പെടുത്താനോ, പരാജയപ്പെടുത്താനോ സാധ്യമല്ല അത് കോൺഗ്രസുകാർ തന്നെ ആയിരിക്കും ചെയ്യുക. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് തങ്ങൾ വിശേഷാധികാരങ്ങൾ ഉള്ളവരാണെന്ന് ഒരു വിഭാഗം കോൺഗ്രസുകാർ കരുതുന്നുണ്ട്. അതനുസരിച്ച് ഏകപക്ഷീയമായും ആധികാരികമാണെന്ന് നിലയിലും പെരുമാറുകയും ചെയ്യുന്നു. ഔദ്യോഗിക നേതൃത്വം പലയിടത്തും അധികാരം ദുർവിനിയോഗം ചെയ്യുന്നുണ്ട്. ചില ഉദ്യോഗസ്ഥന്മാരും അതേ രീതിയിൽ ചിന്തിക്കുന്നു. തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ വ്യക്തിപരമായി ഞാൻ അസന്തുഷ്ടനാണ്. മാറ്റിവച്ചത്, 20ന് പരിപാടി നടപ്പാക്കാനും അടിയന്തരാവസ്ഥയുടെ നേട്ടങ്ങൾ സമാഹരിക്കുവാനും വേണ്ടിയാണെന്ന വാദത്തോടും എനിക്ക് യോജിപ്പില്ല തിരഞ്ഞെടുപ്പ് അഞ്ചോ, പത്തോ കൊല്ലം നീട്ടണമെന്ന് കോൺഗ്രസുകാർ പറഞ്ഞു നടക്കുന്നത് തെറ്റായ ഒരു പ്രവണതയാണ്.
ഇത്തരം പ്രചാരണങ്ങളും വ്യാഖ്യാനങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിനുതന്നെ ഹാനികരമാണ്. 'മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും വിഭാവന ചെയ്ത മഹത്തായ ജനാധിപത്യ പാരമ്പരങ്ങളിൽ നിന്നും കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കാൻ ഇടയാകരുത്.' ഉമ്മൻചാണ്ടി സമ്മേളന നഗരിയിലെ പ്രമുഖരുടെ മുഖഭാവങ്ങൾ സൂക്ഷ്മതയോടെ വീക്ഷിച്ചു കൊണ്ടിരുന്നു. ഒട്ടുമിക്ക പേരും ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടാണ് ആ പ്രസംഗം കേട്ടത്. ആന്റണി ഇത്തരത്തിൽ ഒരു പ്രസംഗം നടത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് ഉമ്മൻചാണ്ടി വി.എം. സുധീറിന്റെ ചെവിയിൽ മന്ത്രിച്ചു. അദ്ദേഹം അത്ഭുത ഭാവത്തിൽ തലയാട്ടി. കോൺഗ്രസ് പ്രസിഡന്റ് ദേവകാന്ത് ബറൂവ തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു. ആരും പ്രതീക്ഷിച്ചതല്ല എ.കെ. ആന്റണിയുടെ ഈ വാക്കുകൾ. പ്രസംഗം അവസാനിച്ചു ആന്റണി.
സമ്മേളന നഗരിയാകെ കനത്ത നിശബ്ദതയിലായി. ആന്റണി ഉമ്മൻചാണ്ടിയുടെയും സുധീരന്റെയും അടുത്തേക്ക് എത്തി. അവർ പുറത്തേക്കിറങ്ങി. എച്ച്. എൻ. ബഹുഗുണയാണ് ആദ്യം വന്ന് ആന്റണിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. അന്ന് അദ്ദേഹം ഉത്തർപ്രദേശിലെ പ്രധാന നേതാവാണ്. തൊട്ടുപിന്നാലെ ബംഗാളിൽ നിന്ന് എത്തിയ പ്രിയരഞ്ജൻദാസ് മുൻഷിയും, കർണാടകയിലെ തുളസിദാസ് ദാസപ്പയും ആന്റണിയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. അപ്പോഴേക്കും മലയാള മനോരമയിലെ ടി.വി.ആർ. ഷേണായിയും മാതൃഭൂമിയിലെ മാധവൻകുട്ടിയും ഓടിയെത്തി. അവരും ആന്റണിയെ അഭിനന്ദിക്കാൻ മറന്നില്ല. അവർ പറഞ്ഞു: സെൻസർഷിപ്പ് ഉള്ള കാലമാണ്. എങ്കിലും ഞങ്ങൾ ആന്റണിയുടെ പ്രസംഗം അതുപോലെ തന്നെ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
എ.കെ. ആന്റണിയുടെ താക്കീത് എന്ന തലക്കെട്ടോടെ ആ പ്രസംഗം വള്ളിപുള്ളി വിടാതെ വീക്ഷണം ദിനപത്രത്തിലും അച്ചടിച്ചു. ആന്റണിയുടെ പ്രസംഗം എ.ഐ.സി.സി.യിൽ വൻ വിവാദങ്ങൾക്ക് കാരണമായി. ആകെ കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. ആന്റണിയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു എന്ന് തന്നെ പൊതുവിൽ സംസാരം ഉണ്ടായി.ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആന്റണി പക്ഷക്കാരും ആശങ്കയിലായി. കേരളത്തിലെ കോൺഗ്രസിലെ മറുവിഭാഗം ഏറെ സന്തോഷത്തിലായി. ഇന്ദിരാഗാന്ധിയുടെ സമാപന പ്രസംഗം. അത് ആന്റണിക്ക് കൂടിയുള്ള ചുട്ട മറുപടിയാണെന്ന് അവർ പറഞ്ഞുപരത്തി. ഇന്ദിരാഗാന്ധി പറഞ്ഞു: 'ജനാധിപത്യത്തെ നാം വിലമതിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഒരുമയാണ് നമുക്ക് നമ്മുടെ രാജ്യത്തെ ജീവസുറ്റതായി നിലനിർത്തണം.'
എന്തായാലും
ആന്റണിയുടെ പ്രസംഗം പല കോൺഗ്രസുകാരെയും ഇരുത്തി ചിന്തിപ്പിച്ചു.
തിരഞ്ഞെടുപ്പ് നടത്തണമെന്ന ചിന്ത ഇന്ദിരാഗാന്ധിയുടെ മനസ്സിലും
പൊട്ടിമുളച്ചു. ഏറെ താമസിയാതെ 1977 ജനുവരി 18ന് ഇന്ദിരാഗാന്ധി
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്തായാലും അടിയന്തരാവസ്ഥയ്ക്ക് പൂർണ്ണ
പിന്തുണ നൽകാൻ കേരളത്തിലെ കോൺഗ്രസിന്റെ തലവനായ എ.കെ. ആന്റണി തയ്യാറല്ല എന്ന
തരത്തിൽ ആയിരുന്നു ഇന്ത്യയിലെ അമേരിക്കൻ എംബസി പോലും റിപ്പോർട്ട് ചെയ്തത്.
ഗുവാഹതി സമ്മേളനം കഴിഞ്ഞ് ഇന്ത്യ തെരഞ്ഞെടുപ്പിലേക്ക് പോകും മുമ്പ് കേരളത്തിൽ ചില രാഷ്ട്രീയ അന്തർ നാടകങ്ങൾ അരങ്ങേറുകയുണ്ടായി..!
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്