തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും അന്തിമ ചിത്രം ഇന്ന് വ്യക്തമാകും. മന്ത്രിമാരുടെ അന്തിമ പട്ടിക ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവർണർക്ക് കൈമാറാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. യുഡിഎഫ് നേതൃത്വത്തിന്റെ നിർണായക ചർച്ചകൾ ഇന്നും തുടരും.
മുഖ്യമന്ത്രി വി ഡി സതീശൻ ധനകാര്യ വകുപ്പിനൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സൂചന. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരവും വിജിലൻസ് വകുപ്പും അദ്ദേഹത്തിന് നൽകാനാണ് ധാരണയായതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
മന്ത്രിസ്ഥാനം സംബന്ധിച്ച് സംതൃപ്തനാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രമേശ് ചെന്നിത്തല തലയാട്ടി മറുപടി നൽകുകയായിരുന്നു. കോൺഗ്രസിലെ മറ്റ് പ്രമുഖർക്കുള്ള വകുപ്പുകളിലും ധാരണയായതായാണ് വിവരം. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കുമെന്നാണ് സൂചന. കെ മുരളീധരനെ ആരോഗ്യ വകുപ്പ് ഏൽപ്പിക്കാനാണ് ആലോചന. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹിക നീതി വകുപ്പ് നൽകാനും നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വി ഡി സതീശൻ മന്ത്രിസഭയിൽ എം ലിജുവിന് എക്സൈസ് വകുപ്പ് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞ ദിവസം പുറത്തുവന്ന സാധ്യതാപട്ടികയിൽ പിന്നീട് തീരുമാനമായ പ്രധാന വകുപ്പുകളിൽ ഒന്നാണ് ഇത്.
എ പി അനിൽകുമാറിന് ടൂറിസം വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്. ചാണ്ടി ഉമ്മന് കായിക-യുവജനക്ഷേമ വകുപ്പുകൾ നൽകാനാണ് ആലോചന. ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും വകുപ്പു ചർച്ചകൾ തുടരുകയാണ്. മോൻസ് ജോസഫിന് ജലവിഭവ വകുപ്പിനൊപ്പം മറ്റൊരു വകുപ്പ് കൂടി വേണമെന്ന ആവശ്യം ഇന്നത്തെ ചർച്ചയിൽ ഉയർത്താനാണ് സാധ്യത. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അനൂപ് ജേക്കബിന് ലഭിക്കുമെന്ന സൂചനയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നുണ്ട്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനങ്ങൾ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
