റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ദശാബ്ദമായി ജയിലിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലേക്ക് മടങ്ങും. മോചനവുമായി ബന്ധപ്പെട്ട എമിഗ്രേഷൻ നടപടികൾ അവസാനഘട്ടത്തിലാണെന്നും, വലിയ പെരുന്നാളിന് മുമ്പ് റഹീം കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
റഹീമിന്റെ മോചന ഉത്തരവിൽ സൗദി അധികൃതർ ഇന്നലെ ഒപ്പുവെച്ചിരുന്നു. രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള ഔപചാരിക നടപടികളാണ് ഇനി പൂർത്തിയാകാനുള്ളത്.
അബ്ദുൽ റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷ അടുത്തിടെയാണ് അവസാനിച്ചത്. കേസിൽ ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ദിയാധനം നൽകിയതിനെ തുടർന്ന് ശിക്ഷ ഒഴിവാക്കുകയായിരുന്നു. തുടർന്ന് മറ്റ് വകുപ്പുകളിൽ ലഭിച്ച 20 വർഷത്തെ തടവാണ് അദ്ദേഹം അനുഭവിച്ചത്.
2006ലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ൽ കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ഒന്നര കോടി സൗദി റിയാൽ ദിയാധനമായി നൽകപ്പെട്ടതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കി.
34 കോടിയിലധികം ഇന്ത്യൻ രൂപയായ ദിയാധനം മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സമാഹരിച്ചതായിരുന്നു. സംഭവം നടന്നത് 2006 ഡിസംബർ 24നാണ്. കഴുത്തിന് താഴെ ചലനശേഷിയില്ലാതിരുന്ന അനസിനെ പരിചരിക്കുന്നതിനിടെയുണ്ടായ സംഭവമാണ് കേസിന് കാരണമായത്. വാഹനയാത്രക്കിടെ ഉണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തിൽ തട്ടിയതിനെ തുടർന്ന് കുട്ടി ബോധരഹിതനാവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നായിരുന്നു റഹീമിന്റെ വിശദീകരണം. തുടർന്ന് സൗദി പൊലീസ് അബ്ദുൽ റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
