രേഖകളിലെ 'മെയ് 31'; കേരളത്തില്‍ ഇന്ന് 12,360 സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നു

MAY 31, 2026, 4:40 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മെയ് 31) സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വന്‍ കൂട്ടവിരമിക്കല്‍. വിവിധ വകുപ്പുകളില്‍ നിന്നായി 12,360 പേരാണ് ഞായറാഴ്ച ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പുള്ള കാലത്ത്, സ്‌കൂള്‍ പ്രവേശന സമയത്ത് ഭൂരിഭാഗം പേരുടെയും ജനന തിയതി 'മെയ് 31' എന്ന് രേഖപ്പെടുത്തിയതാണ് വര്‍ഷാവര്‍ഷങ്ങളില്‍ ഈ തിയതിയിലെ കൂട്ടവിരമിക്കലിന് കാരണമാകുന്നത്.

പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് ജൂണ്‍ 19 ന് അവതരിപ്പിക്കാനിരിക്കെ, വലിയ പ്രതീക്ഷകളോടെയാണ് ജീവനക്കാരും സര്‍വീസ് സംഘടനകളും ഈ വിരമിക്കല്‍ ദിനത്തെ നോക്കിക്കാണുന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. ജീവനക്കാര്‍ക്കായി ബജറ്റില്‍ വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള 2 ശതമാനം ഡി.എ കുടിശിക അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും.

2013 ഏപ്രിലിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ചവര്‍ 56-ാം വയസില്‍ വിരമിക്കണം. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളവര്‍ക്ക് വിരമിക്കല്‍ പ്രായം 60 വയസാണ്. (ആകെ 5.23 ലക്ഷം ജീവനക്കാരില്‍ പകുതിയോളം പേര്‍ ഈ വിഭാഗത്തിലാണ്). മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഉറപ്പായ പെന്‍ഷന്‍ പദ്ധതി'യിലും വിരമിക്കല്‍ പ്രായം 60 തന്നെയാണ്. ഈ സാഹചര്യത്തില്‍ എല്ലാ ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം 60 വയസായി ഏകീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയി അധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചിരുന്നു. കമ്മീഷന്റെ കാലാവധി 6 മാസം കൂടി നീട്ടണമെന്ന ആവശ്യത്തില്‍ പുതിയ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബജറ്റില്‍ ഇതിന്മേല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. പങ്കാളിത്ത പെന്‍ഷന് പകരമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ 'ഉറപ്പായ പെന്‍ഷന്‍ പദ്ധതി' പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നില്ല. ഈ പദ്ധതിയുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുമോ അതോ പുതിയ മാറ്റങ്ങള്‍ വരുത്തുമോ എന്നതിലും ജൂണ്‍ 19 ലെ ബജറ്റ് നിര്‍ണായകമാകും.

ഒരേ ജനനത്തീയതിയുടെ പേരില്‍ പതിനായിരത്തിലധികം പേര്‍ ഒന്നിച്ച് പടിയിറങ്ങുമ്പോള്‍, ഭരണസിരാകേന്ദ്രങ്ങളിലും സ്‌കൂളുകളിലും വന്‍ തോതില്‍ ഒഴിവുകളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. പുതിയ ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാണ് ഈ ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam