തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വിയോജിപ്പുമായി മുൻ ഡി.ജി.പി (ഐ.പി.എസ്) ആർ. ശ്രീലേഖ. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും ആർത്തവാവധി വഴി ഓരോ കുട്ടിക്കും എപ്പോഴാണ് ആർത്തവമെന്ന് വിദ്യാലയവും നാട്ടുകാരും അറിയുന്ന അവസ്ഥയാണോ മെൻസ്ട്രുൽ ഡിഗ്നിറ്റി എന്ന് അവർ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആർ. ശ്രീലേഖ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
ആർത്തവ സമയത്ത് കഠിനമായ വേദനയുണ്ടായിരുന്നിട്ടും താൻ ഒരിക്കൽ പോലും സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ലെന്ന് ശ്രീലേഖ ഓർക്കുന്നു. ഐ.പി.എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പെൺകുട്ടികൾ ആ ദിവസങ്ങളിൽ മാറി നിന്നിരുന്നില്ലെന്നും തീരെ വയ്യാത്ത സാഹചര്യത്തിൽ മാത്രമാണ് അവധി എടുത്തിരുന്നതെന്നും പറഞ്ഞ അവർ, അതാണ് സ്ത്രീകളുടെ ശക്തിയെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മാസാമാസം അവധിയെടുക്കുമ്പോൾ ഏത് കുട്ടിക്കാണ് ആർത്തവമെന്ന് മറ്റുള്ളവർ അറിയുന്ന അവസ്ഥയാണുള്ളത്. ഇത് നാണക്കേടാണെന്ന് അവർ കുറിച്ചു.
ഇത്തരത്തിലുള്ള അവധി സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾക്കായി വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ശ്രീലേഖ നിർദ്ദേശിക്കുന്നു. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വിദ്യാലയങ്ങളിൽ സൗജന്യമായി വേദനസംഹാരികൾ ലഭ്യമാക്കണം. ഇത് വിദ്യാർത്ഥിനികൾക്ക് മാത്രമല്ല, അവിടുത്തെ വനിതാ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകും. ആർത്തവത്തിന്റെ പേരിൽ പഠിക്കാൻ പോകാതെ ഒരു ദിവസം പോലും വീട്ടിലിരിക്കാൻ ഒരു പെൺകുട്ടിയും ആഗ്രഹിക്കില്ലെന്നും, സാധാരണ നിലയിൽ മാതാപിതാക്കൾ അതിന് സമ്മതിക്കില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
