ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കിയത് സൈബർ ആക്രമണം കാരണമെന്ന് വ്യക്തമാക്കി പോലീസ്. മാർച്ച് ഏഴാം തീയതി തെനാലി റെയില്‍വേ സ്റ്റേഷനില്‍ ഗോതി ഗീതാഞ്ജലി എന്ന 32-കാരി ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്.
അതേസമയം സാമൂഹികമാധ്യമങ്ങളിലെ ട്രോളുകളും നിരന്തരമായ സൈബർ ആക്രമണവുമാണ് യുവതിക്ക് നേരെ ഉണ്ടായത് എന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് തളളിവിട്ടതെന്നുമാണ് പോലീസ് പറയുന്നത്. യുവതിയുടെ മരണത്തിന് കാരണം പ്രതിപക്ഷ പാർട്ടികളായ ടി.ഡി.പി.യുടെയും ജെ.എസ്.പി.യുടെയും ട്രോളുകളാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആർ. കോണ്‍ഗ്രസും ആരോപിച്ചു.
സംസ്ഥാനം ഭരിക്കുന്ന ജഗൻമോഹൻ റെഡ്ഡി സർക്കാരിനെ അഭിനന്ദിച്ച് ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഈ വീഡിയോക്കെതിരേ വ്യാപകമായ ട്രോളുകളുണ്ടായി. സർക്കാരിനെ വിമർശിക്കുന്ന, പ്രതിപക്ഷ പാർട്ടികളെ അനുകൂലിക്കുന്ന പ്രൊഫൈലുകളില്‍നിന്നാണ് ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായത്. ഗീതാഞ്ജലി പണം വാങ്ങിയാണ് സർക്കാരിനെ അനുകൂലിച്ച് സംസാരിച്ചതെന്നായിരുന്നു പ്രധാന ആരോപണം.
അതേസമയം നിരന്തരമായ സൈബർ ആക്രമണം താങ്ങാനാകാതെ യുവതി ജീവനൊടുക്കാൻ തീരുമാനിച്ചെന്നും ഇതിനായാണ് മാർച്ച് ഏഴാം തീയതി തെനാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നുമാണ് പോലീസ് പറയുന്നത്. തുടർന്ന് ജന്മഭൂമി എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ട്രെയിനിടിച്ച് ഗുരുതരപരിക്കേറ്റ യുവതിയെ ഗുണ്ടൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്