ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ആളുകൾ അപകടകരമായ വഴികൾ സ്വീകരിക്കുന്ന പ്രവണത വർധിക്കുന്നതിനിടെ, ബെംഗളൂരുവിൽ നിന്നൊരു വിചിത്ര സംഭവമാണ് പുറത്തുവരുന്നത്. റീൽസ് ചിത്രീകരണത്തിനായി സ്വന്തം വൃദ്ധനായ പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പൊലീസിന്റെ പിടിയിലായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചൊവ്വാഴ്ച വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കൊറിയർ ഓഫീസിലാണ് വിചിത്ര സംഭവം ഉണ്ടായത്. വലിയ ഒരു പൊതിയുമായി യുവതി, ഭർത്താവ്, അമ്മ, സഹോദരൻ എന്നിവരടങ്ങിയ കുടുംബം ഓഫിസിലെത്തി. പൊതിയിലുളള വസ്തു എന്താണെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നി പൊതി തുറന്നപ്പോഴാണ് അകത്ത് യുവതിയുടെ പിതാവിനെ കണ്ടെത്തിയത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ ചാക്കിനുള്ളിൽ നിന്നിറങ്ങിയ ഇയാൾ അസ്വസ്ഥനായി കാണപ്പെടുകയും ശ്വാസംമുട്ടലുണ്ടായിരുന്നതായും വ്യക്തമായിരുന്നു.
ഉഗാദി, റംസാൻ സീസണുകളിൽ യാത്രാ ടിക്കറ്റുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ ആളുകളെ കൊറിയർ ചെയ്യേണ്ടിവരുന്നുവെന്ന ആശയം അവതരിപ്പിക്കുന്ന റീൽസ് ചിത്രീകരിക്കാനാണ് ഇത് ചെയ്തതെന്നാണ് കുടുംബം പറഞ്ഞത്. ഇത്രയും കഷ്ടപ്പെട്ടതിനാൽ പാർസൽ സ്വീകരിക്കണമെന്നും അവർ ജീവനക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
സംഭവത്തെ തുടർന്ന് കൊറിയർ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയും കുടുംബത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തങ്ങളുടെ പ്രവൃത്തി തെറ്റാണെന്ന് സമ്മതിച്ച് കുടുംബം വീഡിയോ പുറത്തുവിട്ടു. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന കർശന മുന്നറിയിപ്പ് നൽകി ഇവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
