ചെന്നൈ: കുപ്രസിദ്ധ ആനക്കൊമ്പ് കള്ളക്കടത്തുകാരൻ വീരപ്പന്റെ അഭിമുഖത്തിൽ നടി സുകന്യയെക്കുറിച്ച് സംപ്രേഷണം ചെയ്ത അപകീർത്തികരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ സൺ ടിവിക്ക് തിരിച്ചടി. സുകന്യയ്ക്ക് 10 ലക്ഷം രൂപയിലധികം നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചു.
ജസ്റ്റിസ് കെ. കുമരേഷാണ് സൺ ടിവി നെറ്റ്‌വർക്ക് നൽകിയ അപ്പീൽ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്. 2015ൽ വിചാരണക്കോടതി പുറപ്പെടുവിച്ച 10,00,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവാണ് ഹൈക്കോടതി നിലനിർത്തിയത്.
1996 ഏപ്രിലിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ സുകന്യയെക്കുറിച്ച് അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. ഈ പരാമർശങ്ങൾ തന്റെ വ്യക്തിജീവിതത്തെയും തൊഴിൽരംഗത്തെയും സൽപ്പേരിനെയും ഗുരുതരമായി ബാധിച്ചെന്നും മാനസികമായി തളർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സുകന്യ കോടതിയെ സമീപിച്ചത്.
അഭിമുഖം നക്കീരൻ പ്രസിദ്ധീകരിച്ചതാണെന്നും തങ്ങൾ അത് സംപ്രേഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സൺ ടിവിയുടെ വാദം. എന്നാൽ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഉള്ളടക്കം പരിശോധിക്കാനും എഡിറ്റ് ചെയ്യാനും അനുചിതമായ ഭാഗങ്ങൾ ഒഴിവാക്കാനും ചാനലിന് പൂർണ അധികാരമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
എഡിറ്റോറിയൽ നിയന്ത്രണം കൈവശമുണ്ടായിരുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ ചാനൽ ശ്രമിച്ചില്ലെന്നും കോടതി വ്യക്തമാക്കി. അഭിമുഖത്തിലെ അപകീർത്തികരമായ ഭാഗങ്ങൾ ഭാവിയിൽ വീണ്ടും പ്രസിദ്ധീകരിക്കുന്നതിനും കോടതി സ്ഥിരം വിലക്ക് ഏർപ്പെടുത്തി.
വിവാദത്തിന് പിന്നാലെ മറ്റൊരു മാധ്യമത്തിലൂടെ സുകന്യയോട് മാപ്പ് പറഞ്ഞിരുന്നുവെന്ന് സൺ ടിവി കോടതിയെ അറിയിച്ചെങ്കിലും, തെറ്റായ വിവരം പ്രചരിപ്പിച്ച അതേ മാധ്യമത്തിലൂടെയായിരിക്കണം ക്ഷമാപണം നടത്തേണ്ടതെന്ന് കോടതി വ്യക്തമാക്കി. അത് ചെയ്യാത്തത് ചാനലിന്റെ ഗുരുതര വീഴ്ചയാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
