കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

MAY 16, 2026, 8:04 PM

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ഭണ്ടി ഭഗീരത് സായി (25) പോക്സോ കേസില്‍ അറസ്റ്റില്‍. 17 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. തെലങ്കാന ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇക്കഴിഞ്ഞ മെയ് എട്ടാം തീയതിയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. ഭഗീരത് സായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയത്.

പ്രതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും പൊലീസും വ്യത്യസ്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. മകനെ അഭിഭാഷകന്‍ മുഖേന പെറ്റ് ബഷീറാബാദ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു എന്ന് ബണ്ടി സഞ്ജയ് കുമാര്‍ പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം സൈബരാബാദ് പൊലീസ് കമ്മീഷണര്‍ ഡോ. എം. രമേഷ് നിഷേധിച്ചു. പ്രതി കീഴടങ്ങുകയായിരുന്നില്ലെന്നും, ഹൈദരാബാദിന് പുറത്തുനിന്നും പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു എന്നുമാണ് കമ്മീഷണര്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മകനായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ പ്രതികരിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മകന്‍ പറയുന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെ തന്നെ മകനെ പൊലീസിന് മുന്‍പാകെ ഹാജരാക്കാന്‍ ആലോചിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

കേസിന് പിന്നില്‍ കൃത്യമായ 'ഹണിട്രാപ്പ്' അജണ്ടയുണ്ടെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. പെണ്‍കുട്ടിയും കുടുംബവും ഭഗീരത് സായിയെ വിവാഹം കഴിക്കാനായി സമ്മര്‍ദം ചെലുത്തിയെന്നും അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം ആരോപിക്കുന്നു. തനിക്കെതിരെയുള്ള ബ്ലാക്ക്മെയിലിംഗിനെതിരെ താനും പൊലീസിനെ സമീപിച്ചിരുന്നതായി ഭണ്ടി ഭഗീരത് സായി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam