ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യാത്രയ്ക്കിടെ താന്‍ 30 മുതല്‍ 35 മിനിറ്റോളം ഉറങ്ങിയിരുന്നുവെന്ന് വിമാനത്തിന്റെ പൈലറ്റ് സുധീപ് വസിഷ്ഠ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമെ അപകടത്തിന് ശേഷം നടത്തിയ വിശദമായ വൈദ്യപരിശോധനയില്‍ പൈലറ്റിന്റെ സാമ്പിളുകളില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയതും വലിയ സുരക്ഷാവീഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഏകദേശം അരമണിക്കൂറോളം കോക്പിറ്റില്‍ ഉറങ്ങിയ ശേഷം താന്‍ ശുചിമുറിയില്‍ പോയി മടങ്ങിയെത്തുകയായിരുന്നുവെന്ന് പൈലറ്റിന്റെ മൊഴിയില്‍ പറയുന്നു. ആ സമയം ഫസ്റ്റ് ഓഫീസറാണ് വിമാനം നിയന്ത്രിച്ചിരുന്നത്. മടങ്ങിയെത്തിയ ശേഷം ഫസ്റ്റ് ഓഫീസറുടെ പിന്നില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് സംവിധാനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചത്. കുലുക്കത്തിന്റെ ആഘാതത്തില്‍ താന്‍ കോക്പിറ്റിന്റെ തറയിലേക്ക് തെറിച്ചു വീഴുകയും, അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയുമായിരുന്നു എന്നും പൈലറ്റ് വിശദീകരിച്ചു.
ഓഗസ്റ്റ് നാലിന് ഒഡീഷ തീരത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. സഞ്ചരിച്ചുകൊണ്ടിരുന്ന ഉയരത്തില്‍ നിന്ന് ഏകദേശം 360 അടിയോളമാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചത്. ഇതിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലും ഓട്ടോപൈലറ്റ് സംവിധാനത്തിലും നിരവധി തകരാറുകള്‍ രേഖപ്പെടുത്തി.
വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. പൈലറ്റിന്റെ ലഹരി ഉപയോഗവും ഉറക്കവും വിമാനത്തിന്റെ സുരക്ഷിതമായ പറക്കലിനെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
