ചെന്നൈ: തമിഴക വെട്രി കഴകം റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാൽപ്പത്തിയൊന്ന് പേർ മരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശവുമായി നടൻ വിജയ്.
ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂർ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്.
തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങൾ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ദുരന്തത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു വിജയ് വീഡിയോ സന്ദേശം പങ്കുവെച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാർ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്