ചെന്നൈ: 'പരാശക്തി' സിനിമയുടെ നിർമാതാക്കൾക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സംവിധായിക സുധ കൊങ്കര. തന്റെ പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സുധ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിർമാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് ഹർജി നൽകിയിരിക്കുന്നത്. പരാശക്തിയുടെ സാറ്റ്‌ലൈറ്റ് റിലീസ് ജൂലൈ എട്ടു വരെ കോടതി തടഞ്ഞു. അതോടൊപ്പം ജൂലൈ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ഇദയം മുരളി തടയണമെന്ന സുധയുടെ അഭ്യർഥനയിൽ, ജൂലൈ 7 ന് മുൻപ് പ്രതികരണം അറിയിക്കാനും നിർമാതാക്കളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജി പരിഗണിച്ച ജസ്റ്റിസ് കുമരേഷ് ബാബു ആണ് ഉത്തരവിട്ടത്. കരാർ പ്രകാരം ജിഎസ്ടി ഉൾപ്പെടെ ആകെ 17.70 കോടി രൂപയാണ് സുധ കൊങ്കരയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.31 കോടി രൂപ മാത്രമാണ് നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് നൽകിയത്. ബാക്കി 8.39 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് സുധ കൊങ്കരയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
ചിത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കൈമാറിയിട്ടും പ്രതിഫലം പൂർണമായി നൽകിയില്ല.'പരാശക്തി' വൻ വിജയമാണെന്ന് നിർമാതാക്കൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിട്ടും കുടിശിക തീർക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. റിലീസിന്റെ അവസാന നിമിഷമല്ല, മറിച്ച് കൃത്യമായ സമയത്ത് തന്നെയാണ് താൻ കോടതിയെ സമീപിച്ചതെന്ന് സുധ കൊങ്കര വ്യക്തമാക്കി.
ജനുവരിയിൽ പുറത്തിറങ്ങിയ തമിഴ് പൊളിറ്റിക്കൽ ഡ്രാമയാണ് 'പരാശക്തി'. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഡോൺ പിക്‌ചേഴ്‌സ് ആണ് നിർമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
