ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ മെസ്സേജിംഗ് ആപ്പ് നിരോധിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും എതിരാളികളായ വാട്സാപ്പും (മെറ്റാ) ചേർന്ന് ഒത്തുകളിക്കുന്നതായി ടെലിഗ്രാം സി.ഇ.ഒ പവൽ ദുരോവ്. ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ടെലിഗ്രാം ലഭിക്കുന്നത് തടസ്സപ്പെടുത്താൻ റിലയൻസ് ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എക്സിലൂടെ (X) ആരോപിച്ചു.
'ബി.ജി.പി ഹൈജാക്കിങ്' എന്ന തെറ്റായ മാർഗ്ഗത്തിലൂടെയാണ് റിലയൻസ് ടെലിഗ്രാം നെറ്റ്‌വർക്ക് തടസ്സപ്പെടുത്തുന്നത്. ഇതേക്കുറിച്ച് ഒന്നിലധികം തവണ റിലയൻസിനെ അറിയിച്ചിട്ടും അവർ അത് അവഗണിക്കുകയായിരുന്നു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റായ്ക്ക് റിലയൻസിൽ ഭാഗിക ഓഹരി പങ്കാളിത്തമുള്ളതിനാൽ, ഇതൊരു വാണിജ്യ യുദ്ധത്തിന്റെ ഭാഗമായി മനഃപൂർവ്വം ചെയ്യുന്നതാണെന്നും പവൽ ദുരോവ് ആരോപിച്ചു. റിലയൻസിൽ നിന്നുള്ള (AS18101) ഇത്തരം അനധികൃത റൂട്ട് ഹൈജാക്കുകൾ മറ്റ് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ നിരസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ പവൽ ദുരോവിന്റെ ഈ ആരോപണങ്ങൾ അസംബന്ധവും വ്യാജവുമാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഇന്ത്യൻ ടെലികോം ഉദ്യോഗസ്ഥൻ പ്രതികരിച്ചു. രണ്ട് വ്യത്യസ്ത റിലയൻസ് ഗ്രൂപ്പുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ദുരോവ് സംസാരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെറ്റായ്ക്ക് ഓഹരി പങ്കാളിത്തമുള്ളത് മുകേഷ് അംബാനിയുടെ 'റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ' (RIL) കീഴിലുള്ള ഡിജിറ്റൽ വിഭാഗമായ ജിയോയിലാണ്. എന്നാൽ കടലിനടിയിലൂടെയുള്ള ഇന്റർനെറ്റ് കേബിളുകൾ നിയന്ത്രിക്കുന്നത് മറ്റൊരു ഗ്രൂപ്പായ അനിൽ അംബാനിയുടെ 'റിലയൻസ് കമ്മ്യൂണിക്കേഷൻസ്' ആണ്. ഈ രണ്ട് കമ്പനികളും തമ്മിൽ നിലവിൽ യാതൊരു ബന്ധവുമില്ലാത്തതിനാൽ ടെലിഗ്രാം സി.ഇ.ഒയ്ക്ക് കമ്പനികളെ മാറിപ്പോയതാണെന്നും ടെലികോം വൃത്തങ്ങൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
