റാഞ്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ നടത്തിപ്പിലെ വ്യാപക ക്രമക്കേടുകളിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തിന് ഒടുവില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ജെ.എസ്.എസ്.സി-സി.ജി.എല്‍ പരീക്ഷ റദ്ദാക്കി. വിവാദത്തിലായ ജെ.എസ്.എസ്.സി- സി.ജി.എല്‍ പരീക്ഷ റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുകയായിരുന്നു. അതോടൊപ്പം തന്നെ 2014 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ മത്സരപരീക്ഷകളെക്കുറിച്ചും സി.ഐ.ഡി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രമക്കേടുകളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷകളില്‍ സുതാര്യതയും നീതിയും ആവശ്യപ്പെട്ട് ജന്തര്‍മന്തര്‍ മോഡല്‍ സമരവുമായാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും നടത്തിയ 13 നിയമനപരീക്ഷകള്‍ റദ്ദാക്കണമെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.
വിദ്യാര്‍ഥികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കം. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കുന്ന അവരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഓഗസ്റ്റ് 14 ന് ഹേമന്ത് സോറന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
രാഹുലിന്റെ ഇടപെടലിന് തൊട്ടുപിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ണായക തീരുമാനങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
