ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നീറ്റ് പരീക്ഷയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെ വെടിവച്ച് കൊന്ന സംഭവത്തിൽ 21കാരനായ മകൻ അറസ്റ്റിൽ. 49കാരനായ മാനവേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ ആണ് പൊലീസ് പിടികൂടിയത്.
ഫാർമസ്യൂട്ടിക്കൽ, മദ്യവ്യാപാര മേഖലകളിൽ പ്രവർത്തിച്ചിരുന്ന മാനവേന്ദ്ര സിങ്ങിനെ വെള്ളിയാഴ്ച മുതൽ കാണാതായതായി ബന്ധുക്കൾ അറിയിച്ചിരുന്നു. വീട്ടിലെ ഒരു ഡ്രമ്മിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പിതാവിനെ വെടിവെച്ചുകൊന്നതും പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
പിതാവ് മകനെ നീറ്റ് പരീക്ഷ എഴുതിച്ച് മെഡിക്കൽ പഠനം തുടരണമെന്ന് നിർബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ അതിനെ എതിർത്ത മകനുമായി ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ യുവാവ് ഒരിക്കൽ വീട്ടിൽ നിന്ന് വിട്ടുപോയതായും റിപ്പോർട്ടുണ്ട്.
സംഭവദിവസം വൈകുന്നേരം ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്ന് അക്ഷത് പിതാവിനെ തോക്കുപയോഗിച്ച് വെടിവെച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴേക്കെത്തിച്ച് ഒഴിഞ്ഞ മുറിയിൽ വച്ച് കഷ്ണങ്ങളാക്കി. സഹോദരി സംഭവം കണ്ടപ്പോൾ അവളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചിലത് സമീപ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും, ചില ഭാഗങ്ങൾ വീട്ടിലെ ഡ്രമ്മിൽ സൂക്ഷിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
കുറ്റസമ്മതത്തിന് പിന്നാലെ പൊലീസ് ഫോറൻസിക് സംഘത്തെ വിളിച്ചു സാമ്പിളുകൾ ശേഖരിച്ചു. കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
