ഭർത്താവിനായി വൃക്ക നൽകാൻ പീഡനം; സ്ത്രീധനമായി 30 ലക്ഷവും ആവശ്യപ്പെട്ടു; പരാതി നൽകി യുവതി

APRIL 7, 2026, 2:31 AM

കാൺപൂർ: വിവാഹത്തിന് പിന്നാലെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനിയായ യുവതി രംഗത്ത്.

ഭർത്താവിന്റെ തകരാറിലായ വൃക്കയ്ക്ക് പകരം സ്വന്തം വൃക്ക നൽകണമെന്നോ അല്ലെങ്കിൽ 30 ലക്ഷം രൂപ വീട്ടിൽ നിന്ന് വാങ്ങി നൽകണമെന്നോ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഭർത്താവിന്റെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമാണെന്ന വിവരം മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ കാൺപൂരിലെ ചക്കേരി പോലീസ് സ്ത്രീധന പീഡനം, വഞ്ചന, ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

vachakam
vachakam
vachakam

2023 ജൂൺ 22-നായിരുന്നു ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് എട്ട് ലക്ഷം രൂപയും ആഭരണങ്ങളും മഹീന്ദ്ര ഥാർ എസ്‌യുവിയും യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ വിവാഹശേഷം ലഖ്‌നൗവിലെ ഭർത്താവിന്റെ വീട്ടിലെത്തിയ തനിക്ക് നേരിടേണ്ടി വന്നത് വിചിത്രമായ സാഹചര്യങ്ങളാണെന്ന് യുവതി പറയുന്നു.

ഭർത്താവ് തന്നോട് ലൈംഗിക താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും, ചിലപ്പോഴൊക്കെ ഭർതൃമാതാവ് തങ്ങൾക്കിടയിലാണ് കിടന്നുറങ്ങിയിരുന്നതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഭർതൃപിതാവ് അനുവാദമില്ലാതെ മുറിയിൽ കയറി ഫോട്ടോകൾ എടുക്കാറുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

ഭർത്താവ് ദിവസവും പത്തോളം ഗുളികകൾ കഴിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോൾ രക്തസമ്മർദ്ദത്തിനുള്ള മരുന്നാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ 2024 ഏപ്രിലിൽ വീട്ടിൽ നിന്ന് ലഭിച്ച ഒരു മെഡിക്കൽ ഫയൽ യുവതിയുടെ ജീവിതം മാറ്റിമറിച്ചു. 2022 മുതൽ ഭർത്താവിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും അദ്ദേഹം ഡയാലിസിസിന് വിധേയനാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടുകളാണ് അതിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

ലഹരി ഉപയോഗം മൂലമാണ് വൃക്കകൾ തകരാറിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിവരം ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ വീട്ടിൽ നിന്നും 30 ലക്ഷം രൂപ എത്തിക്കാനോ അല്ലെങ്കിൽ ഒരു വൃക്ക ദാനം ചെയ്യാനോ ഭർതൃവീട്ടുകാർ നിർബന്ധിക്കാൻ തുടങ്ങിയത്.

പീഡനം സഹിക്കവയ്യാതെ 2024 ഒക്ടോബർ 11-ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. യുവതിയുടെ ആഭരണങ്ങളെല്ലാം ഭർതൃവീട്ടുകാർ കൈക്കലാക്കിയതായും പരാതിയിലുണ്ട്. നിലവിൽ കാൺപൂരിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ നിഷാന്തിനും കുടുംബത്തിനുമെതിരെ അന്വേഷണം ഊർജിതമാക്കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡെ അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam