ലഖ്‌നൗ: പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹിതരായാൽ അവരുടെ ദാമ്പത്യജീവിതത്തിൽ പൊലീസ് ഇടപെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം വിവാഹങ്ങളിൽ അന്വേഷണം നടത്തേണ്ട ബാധ്യത പൊലീസിനില്ലെന്നും കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുണ്‍ സക്‌സേന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. ഇത്തരം വിഷയങ്ങളിൽ പൊലീസ് ഇടപെടരുതെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇത് ഒരു കുറ്റകൃത്യമല്ലാത്തതിനാൽ അന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
26 വയസ്സുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തെ തുടർന്ന് 28 വയസ്സുള്ള യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ പരാമർശം നടത്തിയത്.
യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 87 പ്രകാരം ഏപ്രിലിൽ കേസെടുത്തിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായതാണെന്നും, വിവാഹത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്നും ദമ്പതികൾ കോടതിയെ അറിയിക്കുകയായിരുന്നു.
വിവാഹത്തെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ മർദിക്കുകയും ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദമ്പതികൾ ഹർജിയിൽ ആരോപിച്ചു. ഇതേ തുടർന്ന് എഫ്‌ഐആറിലെ അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കൂടാതെ ദമ്പതികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും നിർദേശം നൽകിയിരുന്നു.
പ്രായപൂർത്തിയായ, വിദ്യാഭ്യാസമുള്ള രണ്ട് വ്യക്തികൾ സ്വമേധയാ വിവാഹിതരായ സാഹചര്യത്തിൽ പ്രലോഭനമോ തെറ്റിദ്ധരിപ്പിക്കലോ ഉണ്ടായെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ കേസിൽ ക്രിമിനൽ നടപടികൾ തുടരാനാകില്ലെന്നും എഫ്‌ഐആർ റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
