പി.എം. കെയർ ഫണ്ട്, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ട് (പി.എം.എൻഡിആർഎഫ്), ദേശീയ പ്രതിരോധ ഫണ്ട് (എൻ.ഡി.എഫ്) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദ്ദേശം ലോക്സഭാ സെക്രട്ടേറിയേറ്റിന് പി.എം.ഒ നൽകിയിട്ടുണ്ട്.
ഈ മൂന്ന് ഫണ്ടുകളിലെയും പണം സർക്കാർ ഫണ്ടുകളല്ലെന്നും, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്നതല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിലെ നടപടിക്രമങ്ങൾ സംബന്ധിച്ച റൂൾ 41(2)(viii), 41(2)(xvii) എന്നിവയുടെ പരിധിയിൽ ഈ ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ മറ്റ് നടപടികളോ വരില്ലെന്നും പി.എം.ഒ ലോക്സഭാ സെക്രട്ടേറിയേറ്റിനെ അറിയിച്ചു.
സർക്കാരിന്റെ പരിഗണനയിലില്ലാത്തതോ സർക്കാർ പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്തതോ ആയ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കരുതെന്നതാണ് ഈ ചട്ടങ്ങളുടെ ഉള്ളടക്കം.
അതിനാൽ പി.എം. കെയർ, പി.എം.എൻഡിആർഎഫ്, എൻ.ഡി.എഫ് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവർ നോട്ടീസുകളോ വന്നാൽ, അവ അനുവദിക്കണമോ എന്നത് തീരുമാനിക്കുമ്പോൾ ഈ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഈ ഫണ്ടുകളിലെ പണം പൊതുജനങ്ങളില്‍ നിന്നും സ്വമേധയ സംഭാവനയായി സ്വീകരിക്കുന്നതാണെന്നും രാജ്യത്തിന്‍റെ കൺസോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ളതല്ലെന്നുമാണ് പിഎംഒ നല്‍കുന്ന വിശദീകരണം.
ജനുവരി 30 തിന് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിന് നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനായുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് പിഎം കെയേഴ്സ്. പ്രകൃതി ദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്‍ക്കാണ് പിഎംഎന്‍ആര്‍എഫ് വഴി സഹായം ലഭിക്കുന്നത്. സായുധ, അർധസൈനിക സേനകളിലെ അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് എന്‍ഡിഎഫ് ആരംഭിച്ചത്.


.jpg)






























