മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്ത് മരണം. മഥുരയിലെ പ്രശസ്തമായ കേസി ഘാട്ടിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘമാണ് ദുരന്തത്തിൽപ്പെട്ടത്. യമുനാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബോട്ടുകളിൽ ഒന്നാണ് മറിഞ്ഞത്.
അപകടസമയത്ത് ബോട്ടിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേരെ തദ്ദേശവാസികളും രക്ഷാസേനയും ചേർന്ന് സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. ബാക്കിയുള്ള പത്ത് പേരുടെ മൃതദേഹങ്ങളാണ് നിലവിൽ കണ്ടെടുത്തത്. നദിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സ്ഥലത്ത് ഇപ്പോഴും ഊർജിതമായ തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഉത്തർപ്രദേശ് സർക്കാർ, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.
ദുരന്തബാധിതർക്ക് ആവശ്യമായ അടിയന്തര സഹായങ്ങളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് ഫോണിലൂടെ ആവശ്യപ്പെട്ടു. പഞ്ചാബിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്താൻ മഥുരയിലേക്ക് തിരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
