ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടി വരുമ്പോഴേക്കും പുതിയ പ്രതിസന്ധികൾ ആഗോളതലത്തിൽ ആഘാതം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അയൽപക്കത്തെ യുദ്ധസാഹചര്യം ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്നും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന വൻതോതിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിൽ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർക്ക് നൽകുന്ന പിന്തുണയ്ക്ക് ഗൾഫ് രാഷ്ട്രങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു.
പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കാനിടയുള്ള സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സായ ഈ മേഖലയിലെ സംഘർഷം ആഗോളതലത്തിൽ തന്നെ പെട്രോൾ, ഡീസൽ ലഭ്യതയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
എന്നിരുന്നാലും, കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ആർജ്ജിച്ച കരുത്തും അന്താരാഷ്ട്ര തലത്തിലുള്ള ശക്തമായ പങ്കാളിത്തവും ഉപയോഗിച്ച് ഈ വെല്ലുവിളിയെ രാജ്യം ദൃഢനിശ്ചയത്തോടെ നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ദേശീയ ഐക്യം അനിവാര്യമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യതാൽപ്പര്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും സ്ഥിതിഗതികളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷകരമാകുമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം ജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുൻകാലങ്ങളിലെ പ്രതിസന്ധികളെ അതിജീവിച്ചതുപോലെ കൂട്ടായ ശക്തിയിലൂടെ ഈ വെല്ലുവിളിയെയും ഇന്ത്യ മറികടക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
