ചെന്നൈ: വിവാഹത്തോടെ ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരം കൈവരുന്നുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര്‍ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യമാരുടെ സഹനത്തെ സമ്മതമായും മൗനത്തെ അംഗീകാരമായും തെറ്റിദ്ധരിക്കരുതെന്നും ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരിയുടെ ബെഞ്ച് പറഞ്ഞു.
എണ്‍പത് പിന്നിട്ട ഭര്‍ത്താവിനെ ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സഹനം ഭാര്യയുടെ കടമയാണെന്ന് വിശ്വസിച്ച് അതനുസരിച്ച് കഴിഞ്ഞുപോന്ന തലമുറയുടെ പ്രതിനിധിയാണ് വയോധികയായ ഹര്‍ജിക്കാരിയെന്ന് ജസ്റ്റിസ് വിക്ടോറിയ ഗൗരി വ്യക്തമാക്കി. ഈ സഹനമാണ് പുരുഷാധിപത്യത്തിന്റെ വിശേഷാവകാശം ഉപയോഗിച്ച് ഭാര്യമാരെ നിയന്ത്രിക്കാനും അവഗണിക്കാനും ഭര്‍ത്താക്കന്മാര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയുടെ സുരക്ഷിതത്വവും സ്വാസ്ഥ്യവും ആത്മാഭിമാനവും ഉറപ്പുവരുത്തുകയെന്നത് വിവാഹ ബന്ധത്തിലെ സുപ്രധാന ചുമതലയാണ്. ഉത്കൃഷ്ട മൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന ഇന്ത്യന്‍ വിവാഹ സമ്പ്രദായം പുരുഷാധിപത്യത്തിന്റെ നിഴലില്‍ നിന്നും മുക്തമായി സമത്വത്തിലേക്ക് മാറണം.
ഭാര്യമാരുടെ സഹനത്തെ സമ്മതമായി തെറ്റിദ്ധരിച്ചുകൂടാ. ഈ സന്ദേശം കോടതിമുറിക്കുപുറത്തും പ്രതിധ്വനിക്കണമെന്ന് ജസ്റ്റിസ് വിക്ടോറിയ ഗൗരി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
