ന്യൂഡല്‍ഹി: വ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദി ടെലിഗ്രാഫ് പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു. പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയുടെ ഭാഗമായി പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് നല്‍കിയ പ്രതികൂല റിപ്പോര്‍ട്ടാണ് പാസ്പോര്‍ട്ട് തടസ്സപ്പെടാന്‍ കാരണമായിരുന്നത്. സംഭവം വിവാദമായതോടെ കൊല്‍ക്കത്ത പൊലീസ് പുതിയ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാസ്പോര്‍ട്ട് പ്രിന്റിങ് നടപടികള്‍ ആരംഭിച്ചതായാണ് ഒടുവിലത്തെ വിവരം.
പശ്ചിമ ബംഗാളില്‍ നടന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിശോധനയില്‍ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 27-ന് രാജഗോപാലിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. എന്നാല്‍ ഇതിനു മുന്‍പ് ഫെബ്രുവരി 27-ന് തന്നെ അദ്ദേഹം പാസ്പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വെരിഫിക്കേഷനായി വിളിച്ചപ്പോള്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കപ്പെട്ട കാര്യവും അതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന വിവരവും അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നു. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഔദ്യോഗിക രേഖകള്‍ ഹാജരാക്കിയെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതും പാസ്പോര്‍ട്ട് തടഞ്ഞുവെച്ചതും കാരണം അമേരിക്കയിലുള്ള മകളുടെ വിവാഹത്തില്‍ പോലും പങ്കെടുക്കാന്‍ രാജഗോപാലിന് സാധിച്ചിരുന്നില്ല. 100 ദിവസത്തിലേറെയായി രാജഗോപാലിന്റെ പാസ്പോര്‍ട്ട് അപേക്ഷ അനിശ്ചിതത്വത്തിലായിരുന്നു. മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊല്‍ക്കത്ത പൊലീസ് വിഷയത്തില്‍ അനുകൂലമായ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
