നോയിഡ: നോയിഡയിലെ സെക്ടര്‍ 15 ല്‍ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ചുറ്റികയ്ക്ക് തലക്കടിച്ച് കൊന്നു. തുടര്‍ന്ന് രണ്ട് കിലോമീറ്ററിലധികം നടന്ന് പോലീസ് സ്റ്റേഷനിലെത്തി ക്രൂരമായ കൊലപാതകം നടത്തിയതായി സമ്മതിച്ച് കീഴടങ്ങി. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ 55 കാരനായ നൂര്‍-ഉല്ലാ ഹൈദറാണ് തന്റെ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 42 കാരിയായ അസ്മാ ഖാനാണ് കൊല്ലപ്പെട്ടത്.
രാത്രി മുഴുവന്‍ നീണ്ടുനിന്ന ഒരു തര്‍ക്കത്തിന് ശേഷം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് കൊലപാതകം നടന്നത്. കിടപ്പുമുറി വാതില്‍ പൂട്ടിയശേഷം തലയിണ ഉപയോഗിച്ച് മുഖം പൊത്തി മരിക്കുന്നതുവരെ ചുറ്റിക കൊണ്ട് തലയില്‍ ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു.
നോയിഡയിലെ സെക്ടര്‍ 62 ലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അസ്മ ഖാന്‍. അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ ബിടെക് വിദ്യാര്‍ത്ഥിയായ 19 വയസ്സുള്ള സമദ്, 12 വയസ്സുള്ള ഇനയ എന്നീ രണ്ട് കുട്ടികളോടൊപ്പം സെക്ടര്‍ 15 ലെ ബ്ലോക്ക് സിയിലെ ഒരു ഇരുനില വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി അസ്മയുടെ കുടുംബം വെളിപ്പെടുത്തി. രാത്രി മുഴുവന്‍ വഴക്കിട്ടതിനാല്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അസ്മ സഹോദരി ഫരീദയെ വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വിളിച്ചിരുന്നു.
'വെള്ളിയാഴ്ച രാവിലെ, എന്റെ ഭാര്യയും മറ്റ് ബന്ധുക്കളും അസ്മയുടെ വീട്ടിലേക്ക് പോയി. അസ്മയെയും ഹൈദറിനെയും ബന്ധുക്കള്‍ അഞ്ച് മണിക്കൂറിലധികം കൗണ്‍സിലിംഗ് നടത്തി, അവര്‍ രാവിലെ 11 മണിയോടെയാണ് പോയത്,' ഫരീദയുടെ ഭര്‍ത്താവ് നദീം പറഞ്ഞു. ദമ്പതികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അസ്മയുടെ അമ്മ ഹുസ്‌നാര ബീഗം വീട്ടില്‍ തന്നെ താമസിച്ചു. 'മറ്റുള്ളവര്‍ പോയതിനുശേഷം, അസ്മയും ഹൈദറും അവരുടെ മുറിയിലേക്കും കുട്ടികള്‍ അവരുടെ മുറിയിലേക്കും മടങ്ങി. അപ്പോഴാണ് അയാള്‍ വാതില്‍ അകത്തു നിന്ന് പൂട്ടി അവളെ കൊലപ്പെടുത്തിയത്,' നദീം പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഹൈദര്‍ 2 കിലോമീറ്ററിലധികം നടന്ന് സെക്ടര്‍ 20 പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്