കൊല്‍ക്കത്ത: അനധികൃതമെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ സൈന്യം പൊളിച്ചതിന് പിന്നാലെ സൈന്യത്തിന്റെ ട്രക്ക് ബംഗാള്‍ പൊലീസ് പിടിച്ചെടുത്തു. ട്രക്ക് ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ മനോജ് വര്‍മയുടെ വാഹനവ്യൂഹത്തിന് അപകടമുണ്ടാക്കുന്ന തരത്തില്‍ അമിതവേഗത്തിലായിരുന്നു ട്രക്കെന്ന് പൊലീസ് വ്യക്തമാക്കി.
ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ പൊളിച്ചതിനുള്ള മറുപടിയായാണ് പൊലീസ് നടപടി എന്നാണ് ആരോപണം. എന്നാല്‍ അപകടകരമായ ഡ്രൈവിങ്ങിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും മറ്റ് അഭ്യൂഹങ്ങള്‍ക്ക് അര്‍ഥമില്ലെന്നും പൊലീസ് അറിയിച്ചു.
വലതുവശത്തേക്ക് തിരിയാന്‍ അനുമതിയില്ലാത്ത സ്ഥലത്ത് ട്രക്ക് പൊടുന്നനെ തിരിയാന്‍ ശ്രമിച്ചെന്നും പിന്നിലുണ്ടായിരുന്ന കമ്മിഷണറുടെ വാഹനം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. സൈന്യത്തിന്റെ കിഴക്കന്‍ മേഖലാ ആസ്ഥാനമായ ഫോര്‍ട് വില്യംസില്‍ നിന്ന് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് പോകുകയായിരുന്നു ട്രക്ക്. അനുമതിയുള്ള സ്ഥലത്താണ് വലത്തേക്ക് തിരിക്കാന്‍ ശ്രമിച്ചതെന്നും കമ്മിഷണറുടെ വാഹനം പിന്നിലുള്ളത് അറിഞ്ഞില്ലെന്നും ട്രക്കിലെ ജവാന്‍ പറഞ്ഞു. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത നഗരഹൃദയത്തിലെ കരസേനയുടെ നിയന്ത്രണത്തിലുള്ള മൈതാന്‍ ഏരിയയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ തിങ്കളാഴ്ചയാണ് സൈന്യം പൊളിച്ചത്. കരസേനയുടെ കിഴക്കന്‍ മേഖലാ ആസ്ഥാനമായ ഫോര്‍ട് വില്യംസ് ഇവിടെയാണ്. സൈന്യത്തിന്റെ അനുമതി വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെ സമരങ്ങള്‍ നടത്താറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്