ദില്ലി: യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു.
ദില്ലിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെ പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങിനു മുന്നിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി.
ദില്ലി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയുഷ് സച്ച്ദേവ റാണയ്ക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്നു.
മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി.
കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എന്നാൽ എൻഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് ആണ് വാദം കേട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്