ന്യൂഡല്‍ഹി: രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ അറസ്റ്റിലായ 13 പ്രതികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റോസ് അവന്യൂ കോംപ്ലക്‌സില്‍ പ്രത്യേകം രൂപീകരിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നത്.
മെയ് 12 ന് ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ ശിക്ഷാനിയമമായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ക്ക് പുറമേ, 1988-ലെ അഴിമതി നിരോധന നിയമം, 2024-ലെ പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് എന്നിവയിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന യഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, ധനഞ്ജയ് ലോകാണ്ഡെ, പ്രഹലാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കര്‍, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവരാണ് കേസില്‍ കുറ്റപത്രം നേരിടുന്ന പ്രധാന പ്രതികള്‍.
ചോദ്യപേപ്പര്‍ കൈമാറ്റത്തിനായി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സിബിഐ കോടതിയെ അറിയിച്ചു. പ്രതിയായ മംഗിലാല്‍ ബിവാള്‍ തന്റെ മകന്‍ വികാസ് ബിവാളിനായി ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട് ശുഭം ഖൈര്‍നാറിനെയാണ് ആദ്യം സമീപിച്ചത്. രാജസ്ഥാനിലെ സികാറില്‍ കോച്ചിങ് ക്ലാസില്‍ വെച്ച് പരിചയപ്പെട്ട യഷ് യാദവിലൂടെയാണ് 10 ലക്ഷം രൂപയുടെ കൈമാറ്റത്തിലൂടെ മംഗിലാലിന് ചോദ്യപേപ്പര്‍ ലഭ്യമായത്.
തുടര്‍ന്ന് മറ്റ് പ്രതികളെക്കൂടി ശൃംഖലയുടെ ഭാഗമാക്കി ചോദ്യപേപ്പര്‍ വിവിധ പരീക്ഷാര്‍ഥികള്‍ക്ക് 12 ലക്ഷം രൂപ നിരക്കില്‍ മറിച്ചുവില്‍ക്കുകയായിരുന്നു. മംഗിലാലിന്റെ ഫോണില്‍ നിന്ന് ചോര്‍ത്തിയ ചോദ്യപേപ്പറിന്റെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.
കേസിലെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്. ഇതിനോടകം തന്നെ സംഭവത്തില്‍ ഉത്തരവാദികളായ 47 എന്‍ടിഎ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
