ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും ഉടലെടുത്ത വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സായുധ സംഘം കൊലപ്പെടുത്തിയ വ്യക്തിയുടെ തല 48 മണിക്കൂറിനുള്ളില്‍ വിട്ടുനല്‍കണമെന്ന് നാഗാ പൗരസമൂഹ സംഘടനയുടെ അന്ത്യശാസനം. കാങ്‌പോക്പി ജില്ലയിലെ മകുയി അഷാങ് ഗ്രാമത്തില്‍ ശനിയാഴ്ച അജിന്‍ബൗ (52) കൊല്ലപ്പെട്ട സംഭവമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം അജിന്‍ബൗവിന്റെ തലയുമായി നില്‍ക്കുന്ന സായുധ സംഘത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തലയില്ലാത്ത മൃതദേഹം ഞായറാഴ്ച രാത്രി പോസ്റ്റ്മോര്‍ട്ടത്തിനായി ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും ബന്ധുക്കളും സംഘടനയും നടപടികള്‍ തടഞ്ഞു. തല ബന്ധുക്കള്‍ക്ക് കൈമാറി ആചാരപരമായ സംസ്‌കാരം നടത്താന്‍ അനുവദിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് ജോയിന്റ് ട്രൈബ്‌സ് കൗണ്‍സില്‍ മണിപ്പുര്‍ വ്യക്തമാക്കി.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വീഴ്ചയാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് സംഘടന ആരോപിച്ചു. 48 മണിക്കൂറിനകം തല വീണ്ടെടുത്ത് നല്‍കിയില്ലെങ്കില്‍ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ശക്തമായി അപലപിക്കുകയും പ്രദേശത്ത് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ക്രമസമാധാനം തകര്‍ന്നതിനെ തുടര്‍ന്ന് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
