മുംബൈ: പ്രതിശ്രുത വരനായ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സിയ ഗോയൽ പോളിഗ്രാഫ് (നുണ പരിശോധന) നടത്താൻ സമ്മതിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ലോണാവാല റൂറൽ പൊലീസിനെയാണ് സിയ ഇക്കാര്യം അറിയിച്ചതെന്ന് അഭിഭാഷകൻ വിപുൽ ദുസിങ് വ്യക്തമാക്കി.
പൂനെ സ്വദേശിയായ 25കാരൻ കേതൻ അഗർവാളിനെ സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിലെത്തിച്ച് മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പോളിഗ്രാഫ് പരിശോധന നടത്താൻ പ്രതിയുടെ സമ്മതം നിയമപരമായി നിർബന്ധമായതിനാലാണ് പൊലീസ് ആദ്യം കോടതിയെ സമീപിച്ചത്.
അന്വേഷണത്തിൽ, കേതനെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ സിയയും ചേതനും സംഭവസ്ഥലത്ത് എത്തി കൊലപാതകത്തിന്റെ 'റിഹേഴ്‌സൽ' നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സിയയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.
പ്രതികൾ അന്വേഷണത്തിനിടെ പലതവണ മൊഴി മാറ്റിയതാണ് പോളിഗ്രാഫ് പരിശോധന ആവശ്യപ്പെടാൻ പൊലീസിനെ പ്രേരിപ്പിച്ചത്. സംഭവത്തിൽ നേരിട്ടുള്ള ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ, കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ടത് ആരാണെന്ന് കണ്ടെത്തുക അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയാണ്. നിലവിൽ ഇരുവരും കുറ്റം പരസ്പരം മറ്റേയാളുടെ മേൽ ചുമത്തുകയാണ്.
ജൂൺ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം സിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ പൂനെയിലെ മാർക്കറ്റ് യാർഡ് പ്രദേശത്തുള്ള വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ജൂലൈ 3 വരെ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സിയയുടെയും ചേതൻ ചൗധരിയുടെയും നുണ പരിശോധനയിലൂടെ കേതന്റെ മൊബൈൽ ഫോണിൽ നിന്ന് തെളിവുകൾ സിയ മായ്ച്ചുകളഞ്ഞിട്ടുണ്ടോയെന്നും, കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്നും, സിയയും ചേതനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമെന്താണെന്നും വ്യക്തമാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
