ന്യൂഡെല്‍ഹി: മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങളിലായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട് നടത്തിയ ആക്രമണങ്ങളില്‍ 100 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം.
'ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ശ്രദ്ധാപൂര്‍വ്വം ആലോചിച്ച ശേഷമാണ് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത്. മെയ് 7 ന് നടന്ന ആക്രമണത്തില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങളിലായി 100 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു,' മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടും ഭീകരരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി814 വിമാനം റാഞ്ചിയ ഭീകരരും 2019 ല്‍ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരും ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ യൂസഫ് അസ്ഹര്‍, 1999-ല്‍ മസൂദ് അസ്ഹറിന്റെ മോചനത്തിലേക്ക് നയിച്ച ഐസി-814 വിമാന റാഞ്ചല്‍ കേസില്‍ ഉള്‍പ്പെട്ട പ്രധാന വ്യക്തിയായിരുന്നു. ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ആയുധ പരിശീലനം നിരീക്ഷിക്കുകയും ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ ഉന്നത കമാന്‍ഡറായിരുന്നു അബ്ദുള്‍ മാലിക് റൗഫ്. അമേരിക്ക റൗഫിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ലഷ്‌കര്‍ ആസ്ഥാനമായ മുരിദ്‌കെയിലെ മര്‍കസ് തയ്ബയുടെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു മുദാസിര്‍ അഹമ്മദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്