11 വര്‍ഷത്തെ കണ്ണീരിന് വിരാമം; ആട് മേയ്ക്കാന്‍ പോയി കാണാതായ മകന്‍ ചെന്നൈയിലെ അനാഥാലയത്തില്‍ നിന്ന് മാതാപിതാക്കളുടെ അരികിലേക്ക്

JUNE 27, 2026, 2:14 AM

ഹൈദരാബാദ്: പതിനൊന്ന് വര്‍ഷം മുന്‍പ് പതിമൂന്നാം വയസ്സില്‍ ആട് മേയ്ക്കാന്‍ പോയ മകനെ ഒടുവില്‍ ഇരുപത്തിനാലാം വയസില്‍ ആ മാതാപിതാക്കള്‍ക്ക് തിരികെ കിട്ടി. തെലങ്കാനയിലെ നാരായണ്‍ പേട്ട് ജില്ലയില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ ദീര്‍ഘ നാളത്തെ കണ്ണീരും കാത്തിരിപ്പുമാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം ചെന്നൈയില്‍ നിന്ന് വന്ന ആ സന്തോഷവാര്‍ത്തയോടെ അവസാനിച്ചത്.

നാരായണ്‍പേട്ട് ജില്ലയിലെ ഊട്കൂര്‍ മണ്ഡലത്തിലുള്ള തിപ്രസ്പള്ളി ഗ്രാമത്തിലെ കുര്‍വ ഭീരപ്പ - അഞ്ചമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനാണ് ഹനുമന്തു. 11 വര്‍ഷം മുന്‍പ്, ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലുള്ള ആദോനി മേഖലയില്‍ ആടുകളെ മേയ്ക്കാന്‍ പോയതായിരുന്നു ഈ കൗമാരക്കാരന്‍. എന്നാല്‍ അവിടെ വച്ച് ഹനുമന്തുവിനെ അപ്രതീക്ഷിതമായി കാണാതാവുകയായിരുന്നു.

മകനെ കണ്ടെത്താനായി കുടുംബവും ബന്ധുക്കളും സാധ്യമായ എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തി. പൊലീസില്‍ പരാതി നല്‍കി വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ മകന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന വേദനയിലായിരുന്നു ഈ കുടുംബം. കാണാതായ ഹനുമന്തു എങ്ങനെയോ തമിഴ്നാട്ടിലെ ചെന്നൈയില്‍ എത്തിപ്പെടുകയായിരുന്നു. ഭാഷയോ സ്ഥലമോ അറിയാതെ ബുദ്ധിമുട്ടിയ ഹനുമന്തുവിന് അവിടുത്തെ ഒരു അനാഥാലയമാണ് പിന്നീട് തണലൊരുക്കിയത്. വര്‍ഷങ്ങളോളം അവിടെ കഴിഞ്ഞ ഹനുമന്തുവിനെക്കുറിച്ച് അടുത്തിടെയാണ് മനസ് എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകര്‍ അറിയുന്നത്.

തുടര്‍ന്ന് അവര്‍ നടത്തിയ കൃത്യമായ അന്വേഷണമാണ് യുവാവിന്റെ നാടും വീടും കണ്ടെത്താന്‍ സഹായിച്ചത്. കഴിഞ്ഞ ജൂണ്‍ 25 ന് തിപ്രസ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മിയെ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ വിവരമറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവന്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത കേട്ടതിന്റെ അമ്പരപ്പിലും അതിയായ സന്തോഷത്തിലുമായിരുന്നു കുടുംബാംഗങ്ങള്‍. വിവരം ലഭിച്ചയുടന്‍ തന്നെ ഗ്രാമത്തിലെ പ്രമുഖനായ നരസിംഹയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചു. വെള്ളിയാഴ്ച സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അവര്‍ ഹനുമന്തുവിനെ നേരില്‍ കണ്ടു. 11 വര്‍ഷത്തെ നീണ്ട വേര്‍പാടിന് ശേഷം, 24 വയസ്സുള്ള യുവാവായി വളര്‍ന്ന മകനെ മുന്നില്‍ കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് കണ്ണീരടക്കാനായില്ല.

തങ്ങളുടെ മകനെ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച മനസ് പ്രവര്‍ത്തകര്‍ക്ക് കുടുംബാംഗങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വരും ദിവസങ്ങളില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമന്തുവിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. നീണ്ട കാലത്തിന് ശേഷം മകന്‍ തിരികെ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ തിപ്രസ്പള്ളി ഗ്രാമം മുഴുവന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam