പ്രയാഗ്‌രാജ്: വ്യക്തിസ്വാതന്ത്ര്യത്തിലും നിയമപരമായ അവകാശങ്ങളിലും സുപ്രധാന നിരീക്ഷണമുന്നയിച്ച് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയായ സ്ത്രീയുമായി ലിവിങ് ടുഗദർ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതനായ പുരുഷനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ഒരു ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
"നിയമപുസ്തകത്തിൽ ഇതൊരു കുറ്റമല്ല. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ഒന്നിച്ച് താമസിക്കുമ്പോൾ അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ല. വിവാഹിതനായ ഒരാൾ മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് വാദിക്കാമെങ്കിലും അത് ക്രിമിനൽ കുറ്റമാകുന്നില്ല," കോടതി വ്യക്തമാക്കി.
ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. അനാമികയെ നേത്രപാൽ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 87 പ്രകാരമാണ് കേസെടുത്തത്. എന്നാൽ താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് നേത്രപാലിനൊപ്പം താമസിക്കുന്നതെന്നും അനാമിക കോടതിയെ അറിയിച്ചു.
ഹർജിക്കാരൻ വിവാഹിതനാണെന്നും അതിനാൽ ഈ ബന്ധം കുറ്റകരമാണെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം. എന്നാൽ ലിവിങ് ടുഗദർ ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെങ്കിൽ അതിൽ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.തങ്ങൾക്കെതിരെ ദുരഭിമാനക്കൊല നടക്കാൻ സാധ്യതയുണ്ടെന്നും വീട്ടുകാരിൽ നിന്ന് വധഭീഷണിയുണ്ടെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു.ഹർജിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
