ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലയാളി യുവാക്കളുടെ അതിക്രമം. അനധികൃത പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബി.എം.ടി.സി റിട്ടയേര്‍ഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ഇവര്‍ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തില്‍ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടാക്‌സി കാറിലെത്തിയ യുവാക്കള്‍ വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് ബി.എം.ടി.സി കണ്ടക്ടറെ യുവാക്കള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തുകയായിരുന്നു. കുത്തേറ്റ അദ്ദേഹം രക്തം വാര്‍ന്ന് റോഡിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാര്‍ക്ക് നേരെയും യുവാക്കള്‍ തിരിഞ്ഞു. കയ്യില്‍ കിട്ടിയ ശീതളപാനീയ കുപ്പികളും കല്ലുകളും ഉപയോഗിച്ച് ഇവര്‍ നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിടിയിലായ യുവാക്കള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് കണ്ടെടുത്തു. ഇത് കൂടുതല്‍ സ്ഥിരീകരണത്തിനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നടുറോഡില്‍ യുവാക്കള്‍ നടത്തിയ ഈ ക്രൂരമായ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
