മുംബൈ: മഹാരാഷ്ട്രയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിൽ വെള്ളം കയറി അയ്യായിരത്തോളം പാചകവാതക സിലിണ്ടറുകൾ ഒഴുകിപ്പോയി. റായ്ഗഡ് ജില്ലയിലെ പ്ലാന്റിൽ നിന്നാണ് സിലിണ്ടറുകൾ വ്യാപകമായി ഒഴുകിപ്പോയത്. ഒഴുകിപ്പോയവയിൽ പാചകവാതകം (LPG) നിറച്ച സിലിണ്ടറുകളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് അധികൃതർ നൽകുന്ന സൂചന.
പുഴയിലൂടെയോ വെള്ളപ്പൊക്ക ദുരിതാശ്വാസ മേഖലകളിലൂടെയോ ഗ്യാസ് സിലിണ്ടറുകൾ ഒഴുകിനടക്കുന്നത് കണ്ടാൽ അവ യാതൊരു കാരണവശാലും വീട്ടിൽ കൊണ്ടുപോകാനോ ഉപയോഗിക്കാനോ ശ്രമിക്കരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവ്‌ലെ അറിയിച്ചു. സിലിണ്ടറുകൾ കണ്ടെത്തുകയാണെങ്കിൽ അവ ഉടൻ തന്നെ ബന്ധപ്പെട്ട കമ്പനിക്കോ പ്രാദേശിക അധികൃതർക്കോ കൈമാറണം.
ഒഴുകിപ്പോയ സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചിട്ടുണ്ടോ എന്ന കാര്യത്തിലോ, കനത്ത ഒഴുക്കിൽപ്പെട്ട് അവയുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിലോ വ്യക്തതയില്ലാത്തതിനാൽ വലിയൊരു അപകടസാധ്യത മുന്നിൽക്കണ്ടാണ് ഈ നിർദ്ദേശം.
അധികൃതർ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും കുത്തൊഴുക്കുള്ള വെള്ളത്തിൽ അടിഞ്ഞുകൂടിയ സിലിണ്ടറുകൾ നാട്ടുകാർ കൈക്കലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സിലിണ്ടറുകൾ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതരും കമ്പനി ജീവനക്കാരും ചേർന്ന് ദ്രുതഗതിയിൽ നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
