ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്‌ചെയ്തതിനെയതിരെ പ്രതിഷേധം കനക്കുന്നു. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടുമെന്ന് ഇ.ഡി അറിയിച്ചു. അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി അറിയിച്ചത്.
കോണ്‍ഗ്രസ്, സി.പി.എം, ഡി.എം.കെ തുടങ്ങി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ത്തിയ എ.എ.പി എം.എല്‍.എമാരെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് അടക്കം അന്വേഷണ ഏജന്‍സിയുടെ തുടര്‍നടപടികളില്‍ നിന്ന് കെജ്രിവാളിന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തി വ്യാഴാഴ്ച രാത്രി 9.15ഓടെ അറസ്റ്റ് ചെയ്തത്. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.
സെര്‍ച് വാറന്റുമായാണ് കെജ്രിവാളിന്റെ വസതിയില്‍ ഇന്നലെ വൈകീട്ട് ഇ.ഡി സംഘം എത്തിയത്. പുതിയ സമന്‍സ് നല്‍കാനാണെന്നും സെര്‍ച് വാറന്റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും വസതിക്കു സമീപം തടിച്ചുകൂടിയിരുന്നു. വന്‍ പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. വസതിയില്‍ കെജ്രിവാളിനെ ചോദ്യം ചെയ്ത 12 അംഗ സംഘം അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോണുകള്‍ പിടിച്ചെടുത്തു. ലാപ്‌ടോപ്പിലെയും ടാബ്‌ലറ്റിലെയും വിവരങ്ങള്‍ പകര്‍ത്തി. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ഇ.ഡി നേരത്തേ ഒമ്പതുവട്ടം നല്‍കിയ സമന്‍സുകള്‍ കെജ്രിവാള്‍ അവഗണിക്കുകയായിരുന്നു. ഇ.ഡി സമന്‍സുകള്‍ ചോദ്യം ചെയ്ത് കെജ്രിവാള്‍ നേരത്തേ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി. ഈ ഹര്‍ജി ആദ്യ ഹര്‍ജിക്കൊപ്പം ഏപ്രില്‍ 22ന് പരിഗണിക്കാനായി മാറ്റിയിരുന്നു. മറുപടി നല്‍കാന്‍ ഇ.ഡിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വസതിയില്‍ ഇ.ഡി സംഘം എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്