ചെന്നൈ: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൽ തന്റെ പാർട്ടിയായ 'മക്കൾ നീതി മയ്യം' ഇതുവരെ ഭാഗമായിട്ടില്ലെന്ന് വ്യക്തമാക്കി നടൻ കമൽ ഹാസൻ.
രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രാജ്യത്തിനായി നിസ്വാർഥരായി പ്രവർത്തിക്കുന്നവർക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യത്തിന്റെ ഏഴാം വാർഷികാഘോഷത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
വിശാലസഖ്യമായ 'ഇന്ത്യ' ബ്ലോക്കിൽ എംഎൻഎം ചേരുമോ എന്ന ചോദ്യത്തിന് കക്ഷി രാഷ്ട്രീയത്തെക്കാൾ രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയാണിതെന്നായിരുന്നു കമൽ ഹാസന്റെ മറുപടി. ഇതുവരെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും കമൽ സ്വാഗതം ചെയ്തു.
ചർച്ചകൾ നടക്കുന്നുണ്ടെന്നും നല്ല വാർത്തയുണ്ടെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംഎൻഎം പാർട്ടി തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുമായി കൈകോർത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കമലിന്റെ പ്രതികരണം.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും എംഎൻഎം ഉണ്ടായിരുന്നെങ്കിലും ശ്രദ്ധേയമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കമൽ ഹാസൻ കോൺഗ്രസുമായി ചേർന്ന് ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്