കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ 2021-ൽ നന്ദിഗ്രാം സാക്ഷ്യം വഹിച്ച തീപാറുന്ന പോരാട്ടം 2026-ൽ മമതാ ബാനർജിയുടെ തട്ടകമായ ഭവാനിപൂരിലേക്ക് മാറുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതോടെ തുടങ്ങിയ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. "നന്ദിഗ്രാമിൽ ഞാൻ അവരെ തോൽപ്പിച്ചു, ഇത്തവണ ഭവാനിപൂരിലും തോൽപ്പിക്കും" എന്ന സുവേന്ദുവിന്റെ പ്രഖ്യാപനം ബംഗാൾ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.
ഭവാനിപൂരിലെ വോട്ടർ പട്ടികയിൽ വന്ന വൻ മാറ്റമാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം. സംസ്ഥാനത്ത് നടന്ന വോട്ടർ പട്ടിക പുതുക്കലിലൂടെ (SIR) ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് മാത്രം 47,000 പേരുകൾ നീക്കം ചെയ്യപ്പെട്ടു.
മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,06,295-ൽ നിന്ന് 1,59,201 ആയി കുറഞ്ഞു. ഇത് മമതയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കുമെന്നും സുവേന്ദുവിന് ജയം എളുപ്പമാക്കുമെന്നുമാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
മത്സരത്തിന് മുന്നോടിയായി സുവേന്ദു അധികാരി ഭവാനിപൂരിലെ ചക്രബേരിയ റോഡിൽ സ്വന്തം വാർ റൂം തുറന്നുകഴിഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച വാർഡ് 70-ലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. മണ്ഡലത്തിലെ ചുവരുകളിൽ ഇതിനോടകം തന്നെ ബിജെപി ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
2021-ൽ നന്ദിഗ്രാമിൽ മമതയെ 2,000-ൽ താഴെ വോട്ടുകൾക്ക് സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. ഇതേ ചരിത്രം ഭവാനിപൂരിലും ആവർത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭവാനിപൂരിലെ വോട്ട് കുറഞ്ഞ സാഹചര്യത്തിൽ മമത വീണ്ടും മണ്ഡലം മാറുമോ അതോ തന്റെ ശക്തികേന്ദ്രത്തിൽ തന്നെ ഉറച്ചുനിൽക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ സുവേന്ദു തന്നെ മമതയ്ക്കെതിരെ ഭവാനിപൂരിൽ മത്സരിക്കും എന്ന് മുൻ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
