ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള പുതിയ ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ സ്വത്വവും പാരമ്പര്യവും മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അവർ വിമർശിച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ജേഴ്‌സിയുടെ നിറം മാറ്റുന്നതോ വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം പുനരാഖ്യാനം ചെയ്യാൻ ശ്രമിക്കുന്നതോ രാജ്യത്തിന്റെ അടിസ്ഥാന സ്വത്വത്തെ ബാധിക്കുന്ന നടപടികളാണെന്ന് അവർ അഭിപ്രായപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ പ്രതികരണമാണ് യഥാർത്ഥ ജനവികാരമെന്നും അവർ ചൂണ്ടിക്കാട്ടി.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ഇന്ത്യൻ ഹോക്കി ടീമുകൾക്കായി കാവി നിറത്തിലുള്ള പ്രധാന ജേഴ്‌സി ഹോക്കി ഇന്ത്യ അവതരിപ്പിച്ചത്. വർഷങ്ങളായി ഇന്ത്യൻ ഹോക്കി ടീമിന്റെ തിരിച്ചറിയലായിരുന്ന നീല ജേഴ്‌സിക്ക് പകരമാണ് പുതിയ നിറം സ്വീകരിച്ചത്.
തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹയും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വത്തോട് ചേർന്നുനിൽക്കുന്ന നീല ജേഴ്‌സി മാറ്റിയത് നിരാശാജനകമാണെന്നും ലോകവേദിയിൽ ടീമിന്റെ പ്രതീകാത്മക തിരിച്ചറിയലിന് അത് തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജേഴ്‌സി മാറ്റവുമായി ബന്ധപ്പെട്ട തീരുമാനം സാമൂഹ്യമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. നീല ജേഴ്‌സി തുടരണമെന്ന ആവശ്യവുമായി നിരവധി ആരാധകരും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
