ഡൽഹി: കേന്ദ്രസർക്കാരിൻ്റെ ഏകാധിപത്യ ഭരണത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മാർച്ച് 31ന് ഡൽഹി രാംലീല മൈതാനിയിൽ റാലി സംഘടിപ്പിക്കും. 'ഇന്ത്യ സഖ്യം' ഞായറാഴ്ച വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിൻ്റെ ശക്തി ചോർത്താനാണ് നീക്കമെന്ന ആക്ഷേപവും വ്യാപകമാണ്. എഎപിയുമായി തർക്കത്തിലായിരുന്ന ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
വാർത്താസമ്മേളനത്തിൽ എ എ പി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായിയാണ് മെഗാ റാലിയുടെ കാര്യം പ്രഖ്യാപിച്ചത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ ജനങ്ങൾ രോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
"രാഷ്ട്രീയക്കാരെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. ജാർഖണ്ഡിലെ ഹേമന്ത് സോറൻ ആയാലും ബിഹാറിൽ തേജസ്വി യാദവായാലും എല്ലാവർക്കും എതിരെ കള്ളക്കേസുകൾ ചുമത്തുകയാണ്". ഗോപാൽ റായ് ആരോപിച്ചു.
പെരുമാറ്റ ചട്ടം നിലനിൽക്കെ എ എ പിയുടെ ഡൽഹിയിലെ ആസ്ഥാനം കഴിഞ്ഞ ദിവസം സീൽ ചെയ്തുവെന്നും ഗോപാൽ റായ് പറഞ്ഞു. കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും പ്രചാരണം നടത്താൻ കഴിയാത്ത നിലയിലേക്ക് അവരെ മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്