ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു. വ്യാപാരം, ഊര്‍ജ്ജം മുതല്‍ പ്രതിരോധം, സാങ്കേതികവിദ്യ വരെയുള്ള മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. പ്രസിഡന്റ് ലുല പ്രധാനമന്ത്രി മോദിയെ ഫോണ്‍ ചെയ്യുകയായിരുന്നു.
ഇന്ത്യക്കും ബ്രസീലിനുമെതിരെയാണ് ട്രംപ് ഏറ്റവുമധികം താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്, 50%. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ചാണ് ഇന്ത്യക്ക് മേല്‍ 50% താരിഫ് ട്രംപ് പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരായ പ്രോസിക്യൂഷന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിനുമേല്‍ പുതിയ ലെവികള്‍ ചുമത്തിയത്.
കഴിഞ്ഞ മാസം റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും ലുലയുമായി ചര്‍ച്ച നടന്നിരുന്നു. 'വ്യാപാരം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' മോദി ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.
ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യത്തെയും ഏകപക്ഷീയമായ താരിഫ് ഏര്‍പ്പെടുത്തലിനെയും കേന്ദ്രീകരിച്ചായിരുന്നുവെന്ന് ലുല സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
'ഇതുവരെ താരിഫ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങളാണ് ബ്രസീലും ഇന്ത്യയും. ബഹുരാഷ്ട്രവാദത്തെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യവും നിലവിലെ സാഹചര്യത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ സംയോജനത്തിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു.' ലുല പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് ലുല സ്ഥിരീകരിച്ചു. സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ബ്രസീല്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ ആല്‍ക്ക്മിന്‍ ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കുകയും വ്യാപാര നിരീക്ഷണ സംവിധാനത്തിന്റെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്