അഹമ്മദാബാദ്: ഹിന്ദു വിവാഹങ്ങള്‍ കേവലം രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം നിയമപരമായി സാധുതയുള്ളതാവില്ലെന്നും പരമ്പരാഗത ആചാരങ്ങള്‍ കൂടി പാലിക്കപ്പെട്ടിരിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി. വിവാഹമെന്നത് വെറുമൊരു 'ആട്ടവും പാട്ടവും തീറ്റയും കുടിയും' മാത്രമല്ലെന്നും, അതിനപ്പുറം ഒരു വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവര്‍ത്തനത്തിനും വഴിയൊരുക്കുന്ന സാംസ്‌കാരിക ചടങ്ങാണെന്നും കോടതി നിരീക്ഷിച്ചു.
യു.കെയില്‍ താമസിക്കുന്ന കൗശല്‍ സോണാര്‍ എന്ന യുവാവ് നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആര്‍.ടി. വച്ഹനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. നാട്ടില്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം തന്റെ പൂര്‍ണ്ണ സമ്മതത്തോടെയല്ല നടന്നതെന്നും, ഹിന്ദു ആചാരപ്രകാരം സപ്തപദി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്താത്തതിനാല്‍ വിവാഹം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിനാല്‍ അതിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബകോടതി യുവാവിന്റെ ഹര്‍ജി തള്ളിയിരുന്നു. കുടുംബകോടതിയുടെ ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരം വധൂവരന്മാര്‍ അഗ്‌നിയെ സാക്ഷിയാക്കി ഏഴ് ചുവടുകള്‍ വെക്കുന്ന സപ്തപദി ചടങ്ങാണ് വിവാഹത്തിന്റെ അടിസ്ഥാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ ചടങ്ങിലൂടെ മാത്രമാണ് ഒരു ഹിന്ദു വിവാഹത്തിന് ആത്മീയവും സാംസ്‌കാരികവുമായ മാനം കൈവരുന്നത്.
കേവലം ഒരു സര്‍ട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് മാത്രം ആചാര പ്രകാരമല്ലാതെ നടന്ന ഒരു വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കുടുംബ കോടതിയുടെ വിധി തിരുത്തുകയായിരുന്നു. നിയമ വൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കാണ് ഈ കോടതി വിധി ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
