ഗാന്ധിനഗർ: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ ഉപമുഖ്യമന്ത്രി ഹർഷ സംഘവി ബിൽ അവതരിപ്പിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ പൊതുവായ നിയമനിർമ്മാണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് 100 പേജിലധികം വരുന്ന ഈ ബിൽ തയ്യാറാക്കിയത്. ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം ലിവിങ്-ടുഗെദർ (ഒന്നിച്ച് താമസം) ബന്ധങ്ങളുടെ നിർബന്ധിത രജിസ്ട്രേഷനാണ്.
ലിവിങ്-ടുഗെദർ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതാണ് പുതിയ നിയമം. ഇത്തരം കുട്ടികൾക്ക് വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് തുല്യമായ സ്വത്തവകാശവും മറ്റ് നിയമപരമായ പരിരക്ഷകളും ഉണ്ടായിരിക്കും.
വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം വിവാഹമോചനം, ജീവനാംശം എന്നിവയ്ക്കും ഏകീകൃത നടപടിക്രമങ്ങൾ ബിൽ വിഭാവനം ചെയ്യുന്നു. ലിംഗസമത്വം ഉറപ്പാക്കുന്നതിനായി സ്വത്തവകാശ നിയമങ്ങളിൽ ലളിതവൽക്കരണവും ബിൽ മുന്നോട്ട് വെക്കുന്നുണ്ട്.
മതാചാരങ്ങളെയോ വിശ്വാസങ്ങളെയോ ബിൽ ബാധിക്കില്ലെന്നും സിവിൽ നിയമങ്ങളിൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരാനുള്ള നടപടിയാണിതെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭയിൽ വിശദമായ ചർച്ചകൾക്ക് ശേഷം ബിൽ പാസാക്കിയാൽ ഗുജറാത്തിലെ വ്യക്തിനിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
