ഡൽഹി: യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജപ്രതിസന്ധി രൂക്ഷമായതോടെ വിമാന ടിക്കറ്റിനൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തീരുമാനിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ ചാർജ് ബാധകമാകുക.
ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം ഇനി 399 രൂപ അധികമായി നൽകേണ്ടിവരും. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഈ സർചാർജ് ബാധകമാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 10 ഡോളർ അധികമായി ഈടാക്കും. മാർച്ച് 18 മുതൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കും സർചാർജ് ഏർപ്പെടുത്തും. യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് 25 ഡോളറും വടക്കേ അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും പോകുന്ന യാത്രക്കാർക്ക് 50 ഡോളറും അധികമായി നൽകണം.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 20 ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും സർചാർജായി ഈടാക്കും. എന്നാൽ ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ഇതുവരെ സർചാർജ് പ്രഖ്യാപിച്ചിട്ടില്ല.
വിമാന ഇന്ധനവില കുത്തനെ ഉയർന്നതാണ് തീരുമാനത്തിന് കാരണമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി. സർചാർജ് ഈടാക്കാത്ത പക്ഷം ചില വിമാന സർവീസുകൾ റദ്ദാക്കേണ്ടി വരാനിടയുണ്ടെന്നും കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ മൊത്തച്ചെലവിന്റെ ഏകദേശം നാല്പത് ശതമാനം വരെ ഏവിയേഷൻ ഇന്ധനത്തിനാണ് ചെലവാകുന്നത്.
നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പുതിയ സർചാർജ് ബാധകമല്ല. എന്നാൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്താൽ അധികചാർജ് നൽകേണ്ടി വരും. മറ്റ് വിമാനക്കമ്പനികളും ഉടൻ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
