അപാര സിദ്ധികൾ ഏറെയുള്ള സിദ്ധനല്ലാത്ത, യുക്തിവാദിയായ 79കാരൻ സിദ്ധരാമയ്യ ഇനി രാഷ്ടീയത്തിൽ മത്സരിക്കുന്നില്ലത്രെ..! രാഷ്ട്രീയത്തിൽ അടിമുടി അഴിമതിയാണെന്നു കണ്ടറിഞ്ഞത് മുഖ്യമന്ത്രിയുടെ കസേരയിൽ നിന്നും ഇറങ്ങിയപ്പോഴാണെന്നു മാത്രം.
ഒരു സങ്കല്പ ചോദ്യം. പ്രധാനമന്ത്രി ആക്കാമെന്നു ഏതെങ്കിലുമൊരു പാർട്ടി പറഞ്ഞാൽ തീരുമാനം മാറ്റുമോ..? നരസിംഹറാവു രാഷ്ട്രീയം മതിയാക്കി സ്വന്തം നട്ടിലേക്കു മടങ്ങുന്ന വേളയിലാണ് പ്രധാനമന്ത്രിക്കസേര വച്ചു നീട്ടിയത്. കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തട്ടിക്കുട്ടി വെട്ടിപ്പിടിച്ചെടുത്തു ആ കസേര എന്ന കാര്യം മറക്കരുത്.
ഈ കക്ഷി സ്‌കൂളിൽ ചേരുന്നതുവരെ സ്വന്തമായി ഒരു പേരുപോലും ഉണ്ടായിരുന്നില്ല എന്നതാണ് കൗതുകകരം. സിദ്ധരാമനഹുണ്ടി എന്ന ഗ്രാമത്തിൽ ജനിച്ച കഥാപുരുഷനെ കന്നഡക്കാരുടെ കൺകണ്ടദൈവമായ 'സിദ്ധരാമയ്യ' യുടെ പേരിട്ടുവിളിച്ചത് ടിയാന്റെ തന്നെ വാദ്ധ്യാരയ്യ ആയിരുന്നു.
അങ്ങ് മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി ഇന്ത്യ സ്വതന്ത്ര്യയാകുന്നതിന് കേവലം മൂന്നേമുന്നു ദിവസം മുമ്പ് ഭൂജാതനായി. കുറുംബ സമുദായാംഗമാണ് സിദ്ധരാമയ്യ. മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദം എടുക്കുന്നതുവരെ മൂപ്പരുടെ ആഗ്രഹം കന്നഡ നാടോടി നൃത്തരൂപമായ 'വീരഗാസെ' നർത്തകനായിരുന്നു.
ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദം നേടിയതോടെ ചിന്താഗതിക്ക് മാറ്റം വന്നു. പിന്നെ എല്ലാവക്കീലന്മാരും ചെയ്യുന്നതുപോലെ വക്കാലത്തുപിടിക്കാൻ നെട്ടോട്ടമായി. അതുകൊണ്ടൊന്നും കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നു കണ്ട കർണാടക രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് 'അഹിന്ദ' എന്ന സോഷ്യൽ മൂവ്‌മെന്റ് രൂപപ്പെടുത്തിയെടുത്തു.
ഏറെയും കൃഷിക്കാരായിരുന്നു അവർ.
അതുകൊണ്ടായിരിക്കണം കർഷകനേതാവായ ചരൺസിങ്ങിന്റെ ലോക്ദളിൽ ചേർന്നത്. പിന്നെ
ഇടംവലം നോക്കാതെ രാഷ്ട്രീയം കളിച്ചു.
1983ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് കലപ്പ ഏന്തിയ കർഷകൻ ചിഹ്നത്തിൽ മത്സരിച്ച് നിയമസഭയിലെത്തി.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു. ചരൺ സിംഗിന്റെ ഭാരതീയ ലോക്ദളിന്റെ 'കലപ്പയേന്തിയ കർഷകൻ' ചിഹ്നത്തിലാണ് ജനതാ പാർട്ടി മത്സരിച്ചുവിജയിച്ചത്. രാഷ്ട്രീയ ചരിത്രത്തിൽ ഈ ചിഹ്നം 'ഹൽധർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നെ സിദ്ധരാമയ്യ ജനതാ പാർട്ടിയിക്ക് ചേക്കേറി.
1985ൽ വീണ്ടും നിയമസഭാംഗമായി. 1988ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989ൽ മത്സരിച്ചെങ്കിലും തോറ്റമ്പിപ്പോടെ ജനതാദൾ വിട്ട് ജെ.ഡി.എസിൽ ചെന്നുചേർന്നു, ഉപമുഖ്യമന്ത്രിയുമായി.
1999ലെ നിയമസഭ തിരഞ്ഞെടുപ്പിലും തോൽവിയുടെ കഷായം കുടിക്കേണ്ടി വന്നു. പിന്നെ നിയമസഭയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവായി. അതോടെ സ്വന്തനിലയിൽ ഒരു പാർട്ടി ഉണ്ടാക്കി. മുഖ്യ കസേരയിലായിരുന്നു നോട്ടം. അതിന് ദേവഗൗഡയുമായി ഉടക്കുണ്ടാക്കി നിയമസഭാംഗത്വം രാജിവച്ച് സമാന്തര പാർട്ടി രൂപീകരിച്ചു. അതുവഴി കോൺഗ്രസിന് പിന്തുണ കൊടുത്തു. പിന്നെ 2005ൽ കോൺഗ്രസിൽ തന്റെ പാർട്ടിയെ ലയിപ്പിച്ചുകൊണ്ട് അതുവരെ തന്നിൽ വന്നുചേർന്ന കറകളെല്ലാം മായിച്ച് കറതീർന്ന കോൺഗ്രസുകാരനായി.
2013 മുതൽ 18 വരെ മുഖ്യമന്ത്രിയുടെ കസേരയിൽ അമർന്നിരുന്നു. തുടർന്ന് പ്രതിപക്ഷനേതാവ് വീണ്ടും മുഖ്യമന്ത്രി. തിക്കുപിടിച്ച ആ ജീവിതയാത്രയിൽ രാജ്യത്തും രാഷ്ടീയത്തിലും അഴിമതി വളർന്നു പന്തലിക്കുന്നതൊന്നും കാണാനുള്ള കണ്ണുണ്ടായില്ല പാവത്തിന്. അതു ബോധ്യപ്പെട്ട നിമിഷം ഇനി മത്സരത്തിനില്ലെന്നു ഉറപ്പിച്ചകളഞ്ഞു ഈ അയ്യൻ.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
