ന്യൂഡൽഹി: ലോകമെമ്പാടും ചർച്ചയായ ജി.എൽ.പി-1 (GLP-1) അധിഷ്ഠിത ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ദുരുപയോഗം തടയാൻ കർശന നടപടികളുമായി കേന്ദ്ര ഔഷധ നിയന്ത്രണ അതോറിറ്റി.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നവർക്കെതിരെയും തെറ്റായ രീതിയിൽ പരസ്യം നൽകുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 49 സ്ഥാപനങ്ങളിൽ അധികൃതർ മിന്നൽ പരിശോധന നടത്തി. ഓൺലൈൻ ഫാർമസികൾ, ഹോൾസെയിൽ വിതരണക്കാർ, വെൽനസ് ക്ലിനിക്കുകൾ, സ്ലിമ്മിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അംഗീകാരമില്ലാത്ത വിൽപ്പന, അനധികൃത മാർക്കറ്റിംഗ് എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമലംഘനം തുടരുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും പിഴയും പ്രോസിക്യൂഷൻ നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
2026 മാർച്ച് 10-ന് ഡ്രഗ്സ് കൺട്രോളർ മരുന്ന് നിർമ്മാതാക്കൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരോക്ഷ പരസ്യങ്ങൾക്കും പ്രമോഷനുകൾക്കും കർശന നിരോധനമേർപ്പെടുത്തി. ഭാരം കുറയ്ക്കാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നതിന് വ്യക്തമായ നിയമങ്ങളുണ്ട്. എൻഡോക്രൈനോളജിസ്റ്റുകൾ, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് മാത്രമേ ഈ മരുന്നുകൾ കുറിച്ചുനൽകാൻ അനുവാദമുള്ളൂ. ഹൃദ്രോഗ സംബന്ധമായ ചില പ്രത്യേക സാഹചര്യങ്ങളിൽ കാർഡിയോളജിസ്റ്റുകൾക്കും ഇത് നിർദ്ദേശിക്കാം. രോഗികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വരും ആഴ്ചകളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
