ഡൽഹി: കോടതികളിൽ നിർമിത ബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയ തെറ്റായ വിവരങ്ങളും നിലവിലില്ലാത്ത മുൻകാല നിയമവിധികളും ഉദ്ധരിക്കുന്ന പ്രവണതയ്‌ക്കെതിരെ സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള നടപടികളോട് കോടതികൾ 'സീറോ ടോളറൻസ്' സമീപനം സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എസ്സൽ ഇൻഫ്രാ പ്രോജക്ട്സുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) നിലവിലില്ലാത്ത നിയമപരാമർശങ്ങൾ ആശ്രയിച്ച് ഉത്തരവിറക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് ആ വിധി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് അലോക് ആരാധെയും ഉൾപ്പെട്ട ബെഞ്ചാണ് നിർണായക നിരീക്ഷണങ്ങൾ നടത്തിയത്.
നിയമപരമായ തീരുമാനങ്ങളിൽ മനുഷ്യന്റെ നേരിട്ടുള്ള പരിശോധനയും മേൽനോട്ടവും അനിവാര്യമാണെന്നും, എഐ നൽകുന്ന വിവരങ്ങൾ പരിശോധിക്കാതെ വിശ്വസിക്കരുതെന്നും കോടതി വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യ സഹായക ഉപാധിയായി ഉപയോഗിക്കാമെങ്കിലും അത് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെയും സുതാര്യതയെയും ബാധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമരംഗത്ത് എഐയുടെ ഉപയോഗം സംബന്ധിച്ച് സമഗ്ര പഠനം നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി നിർദേശിച്ചു. പരിശോധനയില്ലാതെ എഐ സൃഷ്ടിച്ച മുൻകാല വിധികൾ കോടതിയിൽ സമർപ്പിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും കോടതി വ്യക്തമാക്കി.
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് സെക്ഷൻ 7 പ്രകാരം ജമ്മു ആൻഡ് കശ്മീർ ബാങ്ക് എസ്സൽ ഇൻഫ്രാ പ്രോജക്ട്സ് ലിമിറ്റഡിനെതിരെ ആരംഭിച്ച നടപടികളുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഈ നിർണായക പരാമർശങ്ങൾ.
നിലവിലില്ലാത്തതും വ്യാജവുമായ നിയമവിധികൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ച് കോടതിയിൽ ഉദ്ധരിച്ചതാണ് കേസിൽ കണ്ടെത്തിയത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും, ഇത്തരം പ്രവണതകൾ തടയാൻ എല്ലാ കോടതികളും കർശന നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
