റായ്പൂർ: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഗായത്രി മന്ത്രമുൾപ്പെടെയുള്ള പ്രാർത്ഥനകൾ നിർബന്ധമാക്കി ഛത്തീസ്ഗഡ് സർക്കാർ. ഗായത്രി മന്ത്രത്തിന് പുറമെ മറ്റ് പരമ്പരാഗത പ്രാർത്ഥനകളും ദേശീയ ഗാനവും, ദേശീയ ഗീതമായ വന്ദേമാതരവും എല്ലാ ദിവസവും സ്കൂളുകളിൽ ചൊല്ലണമെന്ന് നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഈ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും (DEO) കൈമാറിയിട്ടുണ്ട്.
പുതിയ 2026-27 അധ്യയന വർഷം മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. വിദ്യാർത്ഥികളിൽ രാജ്യസ്നേഹം, അച്ചടക്കം, ധാർമ്മിക മൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനും, പുതിയ തലമുറയെ പരമ്പരാഗത ഇന്ത്യൻ സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിനുമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.സ്കൂൾ സമയത്തെ പ്രധാനമായും മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്:
പ്രഭാത അസംബ്ലി: എല്ലാ ദിവസവും രാവിലെ അസംബ്ലിയിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കണം. ഇതിന് ശേഷം ദീപ് മന്ത്രം, സരസ്വതി വന്ദനം, ഗുരു മന്ത്രം എന്നിവയും നിർബന്ധമായും ചൊല്ലിയിരിക്കണം. കൂടാതെ, പ്രമുഖ വ്യക്തികളുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ വായിക്കുന്നതോടെയാണ് പ്രഭാത അസംബ്ലി അവസാനിക്കുക.
ഉച്ചഭക്ഷണ സമയം: വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിന് മുൻപായി അതിനായി നിശ്ചയിച്ചിട്ടുള്ള 'ഭോജൻ മന്ത്രം' എന്ന പ്രത്യേക പ്രാർത്ഥന കൂട്ടായി ചൊല്ലണം.
വൈകുന്നേരം: സ്കൂൾ സമയം അവസാനിക്കുമ്പോൾ ഛത്തീസ്ഗഡ് സംസ്ഥാന ഗാനവും ഗായത്രി മന്ത്രവും ശാന്തി മന്ത്രവും കൂട്ടായി ആലപിച്ചുകൊണ്ടായിരിക്കണം ക്ലാസുകൾ പിരിയേണ്ടത്.
പുതിയ ഉത്തരവ് എല്ലാ സ്കൂളുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെട്ടെന്നുള്ള പരിശോധനകൾ നടത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂൾ മാനേജ്‌മെന്റുകൾക്കും പ്രിൻസിപ്പൽമാർക്കും എതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
