സ്വന്തം വെള്ളരി കൃഷിയ്ക്ക് ഒരു കോടി സബ്സിഡി നേടി കേന്ദ്ര കൃഷിമന്ത്രി! അഴിമതി മാതൃകയെന്ന് പ്രതിപക്ഷം, വിവാദമായതോടെ വിശദീകരണം

JUNE 27, 2026, 10:40 AM

ന്യൂഡല്‍ഹി: കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി ഒരു കോടി രൂപയോളം കാര്‍ഷിക സബ്സിഡി കൈപ്പറ്റിയതായി മാധ്യമ റിപ്പോര്‍ട്ട്. മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ 'മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍' സ്‌കീം വഴിയാണ് മന്ത്രിക്ക് ആനുകൂല്യം ലഭിച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

രാജസ്ഥാനിലെ ദീദ്വാന-കുചാമന്‍ ജില്ലയിലുള്ള മന്ത്രിയുടെ സ്വന്തം കൃഷിയിടത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വെള്ളരി കൃഷി ചെയ്യുന്നതിനായി പോളിഹൗസുകള്‍ സ്ഥാപിക്കാനാണ് സബ്സിഡി അനുവദിച്ചത്. 1.99 കോടി രൂപ ആകെ ചെലവ് വരുന്ന പ്രോജക്ടിന് 50% സര്‍ക്കാര്‍ ധനസഹായമായി 99.03 ലക്ഷം രൂപയാണ് സബ്സിഡി ലഭിച്ചത്.

നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ ഔദ്യോഗിക നിയമപ്രകാരം കേന്ദ്ര കൃഷി സഹമന്ത്രി തന്നെയാണ് ഈ ബോര്‍ഡിന്റെ എക്സ്-ഒഫീഷ്യോ വൈസ് പ്രസിഡന്റ്. അപേക്ഷകനും മന്ത്രാലയത്തിന്റെ തലപ്പത്തിരിക്കുന്ന ആളും ഒരാള്‍ തന്നെയായതാണ് നിലവില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സബ്സിഡി അനുവദിക്കുന്ന ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന മന്ത്രി തന്നെ ആനുകൂല്യം കൈപ്പറ്റിയത് ധാര്‍മ്മികമായി തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സാധാരണക്കാരായ കര്‍ഷകര്‍ ചെറിയ ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍, ഭരണത്തിലിരിക്കുന്ന മന്ത്രിമാര്‍ക്ക് കോടികള്‍ വാരിക്കോരി നല്‍കുകയാണെന്ന് അശോക് ഗെലോട്ട് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'നാ ഖാവുങ്കാ, നാ ഖാനെ ദുംഗ' (ഞാന്‍ അഴിമതി നടത്തില്ല, നടത്താന്‍ അനുവദിക്കില്ല) എന്ന പ്രഖ്യാപനത്തിന്റെ ലംഘനമാണിതെന്നും മന്ത്രി ചൗധരിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു. താന്‍ ബാല്യം മുതല്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാധാരണ കര്‍ഷകനാണ്. ഇതില്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ ചെയ്യുന്നതുപോലെ നിയമപരമായ രീതിയില്‍ മാത്രമാണ് സബ്സിഡിക്ക് അപേക്ഷിച്ചത് എന്നായിരുന്നു വിശദീകരണം. ഈ സബ്സിഡിക്കായി താന്‍ ആദ്യമായി അപേക്ഷ നല്‍കിയത് മന്ത്രിയാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 201-ലായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ അന്ന് അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെയാണ് ഇപ്പോള്‍ അനുമതി ലഭിച്ചതെന്നും മന്ത്രി പറയുന്നു.

കൃഷിയിടത്തില്‍ താന്‍ എടുത്ത ലോണിന്റെയും സബ്സിഡിയുടെയും വിവരങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥര്‍ കൃഷിയിടം സന്ദര്‍ശിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. തന്റെ നാട്ടില്‍ ഭൂഗര്‍ഭജലം വറ്റിവരണ്ടതിനാലാണ് മഴവെള്ള സംഭരണിയും പോളിഹൗസും നിര്‍മ്മിച്ച് ആധുനിക കൃഷി രീതിയിലേക്ക് മാറിയത്. ഈ കൃഷിയിടത്തില്‍ മറ്റ് കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യകളിലും പ്രകൃതിദത്ത കൃഷിയിലും പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക രേഖകള്‍ പ്രകാരം, പദ്ധതികള്‍ക്ക് അന്തിമ അനുമതി നല്‍കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റിയില്‍ ബോര്‍ഡിന്റെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗങ്ങളല്ല. അതിനാല്‍ നിയമപരമായി തടസ്സങ്ങളൊന്നുമില്ലെന്നാണ് മന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തികള്‍ക്ക് സബ്സിഡി മുന്‍ഗണന ലഭിച്ചോ എന്ന ചോദ്യം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam